വര്‍ണ്ണക്കുടകള്‍ മടങ്ങി; ഇരിങ്ങാലക്കുടയുടെ നാട്ടുത്സവത്തിന് കൊടിയിറക്കം
സമാപന സമ്മേളനം നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയുടെ നഗരസിരാ കേന്ദ്രങ്ങളിലും നാട്ടുപാതകളിലും സര്‍ഗ, സംഗീത, കായിക- കലാവിരുന്നൊരുക്കിയ വര്‍ണക്കുടയുടെ ആഘോഷ രാപ്പകലുകള്‍ക്ക് പ്രൗഢഗംഭീരമായ കൊടിയിറക്കം. കാത്തിരുന്ന് കൈവന്ന ഓണാഘോഷത്തിന്റെ ലഹരിയില്‍ സ്വയം മറന്ന ദിനരാത്രങ്ങളുടെ അലയടികള്‍ ഇരിങ്ങാലക്കുടയുടെ ഇടനെഞ്ചില്‍ അവശേഷിപ്പിച്ചാണ് വര്‍ണ്ണക്കുടയുടെ ഉത്സവനാളുകള്‍ക്ക് ഔദ്യോഗികമായി തിരശ്ശീല വീണത്.
അയ്യങ്കാവ് മൈതാനത്ത് നടന്ന സമാപന സമ്മേളനം മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു. കോവിഡ് വരുത്തിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഓണം ആഘോഷിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച നഞ്ചിയമ്മ പതിവുപോലെ പാട്ട് പാടി വേദിയെ ആവേശഭരിതമാക്കി. നഞ്ചിയമ്മയുടെ പാട്ടിന്റെ താളത്തിനൊപ്പം വേദിയും ഒത്തൊരുമിച്ചതോടെ വർണ്ണക്കുട മഹോത്സവം ആവേശത്താൽ ആറാടി.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവന്യൂമന്ത്രി കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ആര്‍ എല്‍ വി രാമകൃഷ്ണന്‍, അയ്യപ്പക്കുട്ടി ഉദിമാനം, പി കെ കിട്ടന്‍ മാസ്റ്റര്‍, ചന്ദ്രന്‍, മുരളി എന്നീ കലാകാരന്‍മാരെ ചടങ്ങില്‍ ആദരിച്ചു. കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗം ലത ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലന്‍, വിജയലക്ഷ്മി വിനയചന്ദ്രന്‍, സന്ധ്യ നൈസന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ജോജോ കെ ആര്‍, ധനേഷ് കെ എസ്, തമ്പി കെ എസ്, ലത സഹദേവന്‍, ഷീജ പവിത്രന്‍, സീമ പ്രേംരാജ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, അഡ്വ.ജോബി പി ജെ, അശോകന്‍ ചരുവില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ വിജയ നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തിന് മുമ്പ് റിഥം ഓഫ് ഫോക്ക് നാടന്‍ പാട്ടുത്സവവും സമ്മേളന ശേഷം തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് ബാന്റും അരങ്ങേറി. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ അയ്യങ്കാവ് മൈതാനത്ത് നടന്നുവന്ന വിവിധ കലോത്സവങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും തിരശ്ശീല വീണു.
- Log in to post comments