വാഴാനി ഓണം ഫെസ്റ്റ് മന്തി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ഡാം കേന്ദ്രീകരിച്ച് തെക്കുംകര ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെയും (ഡി ടി പി സി) സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വാഴാനി ഓണം ഫെസ്റ്റിന് വർണാഭമായ തുടക്കം. ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.
ആഘോഷങ്ങളിൽനിന്ന് ലഹരിയെ ഒഴിവാക്കാനും മദ്യപാനം ഉൾപ്പടെയുള്ള തെറ്റായ പ്രവണതകൾ സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റാനുംമാകണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ജാതിയും മതവുമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ജീവിച്ചിരുന്ന കാലത്തിന്റെ ഓർമപ്പെടുത്തലാണ് ഓണം. 2006ൽ ഓണം ഫെസ്റ്റ് ആരംഭിച്ചതുമുതൽ വാഴാനി ശ്രദ്ധിക്കപ്പെടുന്ന ഇടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
500ൽ അധികം മങ്കമാർ അണിനിരന്ന മെഗാ തിരുവാതിര ഉദ്ഘാടന സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തദ്ദേശീയരുടെ കലാപരിപാടികളും 6.30ന് നാടൻപാട്ടും നടക്കും. ഞായറാഴ്ച 3 മണിക്ക് തദ്ദേശീയരുടെ കലാപരിപാടികളും നൃത്ത നൃത്യങ്ങങ്ങളും നടക്കും. 12ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 30ന് വിരുപ്പാക്ക കമ്പനിപ്പടി മുതൽ വാഴാനി വരെ നടത്തിയ ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ദീപാലങ്കാരം, ഫുട്ബോൾ പെനാൽട്ടി ഷൂട്ടൗട്ട്, കുട്ടികളുടെ കായിക മത്സരങ്ങൾ, തിരുവാതിരക്കളി, കുട്ടികളുടെ കലാമത്സരങ്ങൾ, പൂക്കള മത്സരം, മെഗാ തിരുവാതിര, പ്രത്യേക കലാപരിപാടികൾ, നാടൻ പാട്ട്, സൃഷ്ടി വടക്കാഞ്ചേരി നയിച്ച സംഗീത നിലാവ് എന്നിവ നടന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഓരോ പരിപാടിയും.
ചടങ്ങിൽ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ എം കെ ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത സതീഷ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇറിഗേഷൻ) പി വി അനിൽകുമാർ, മച്ചാട് സെന്റ് ആന്റണീസ് ചർച്ച് വികാരി റവ. ഫാദർ സിബി മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു . തുടർന്ന് ടി വി സിനിമ താരം നസീർ സംക്രാന്തി നയിക്കുന്ന മെഗാഷോ അരങ്ങേറി.
- Log in to post comments