Skip to main content

കോയിപ്രം ബ്ലോക്ക്തല ക്ഷീര സംഗമം

കോയിപ്രം ബ്ലോക്ക്തല ക്ഷീരസംഗമം നാളെ (സെപ്റ്റംബര്‍ 23) രാവിലെ 9.45ന് പ്ലാങ്കമണ്‍ എസ്എന്‍ഡിപി ഹാളില്‍ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും ക്ഷീര കര്‍ഷകരെ ആദരിക്കലും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളാകും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

 

ബ്ലോക്കിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനെ ആദരിക്കല്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സംഘത്തെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും നിര്‍വഹിക്കും. ബ്ലോക്കില്‍ ഗുണമേന്മയുള്ള പാല്‍ സംഭരിച്ച ക്ഷീര സംഘത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ആദരിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകനെ അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് ആദരിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിത കര്‍ഷകയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ആദരിക്കും.

 

ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന എസ് സി കര്‍ഷകയെ ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പന്‍ ആദരിക്കും. ബ്ലോക്കിലെ ഏറ്റവും മികച്ച യുവ കര്‍ഷകനെ കോയിപ്രം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ആദരിക്കും. ബ്ലോക്കിലെ ഏറ്റവും മുതിര്‍ന്ന ക്ഷേമനിധി അംഗത്തെ കോയിപ്രം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പ്രസാദ് ആദരിക്കും. പ്ലാങ്കമണ്‍ ക്ഷീര സംഘത്തിലെ മുതിര്‍ന്ന ക്ഷീര കര്‍ഷകനെ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സാ തോമസ് ആദരിക്കും. ബ്ലോക്കിലെ ഏറ്റവും മികച്ച പുല്‍കൃഷി തോട്ടം ഉടമയെ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സില്‍വി മാത്യു ആദരിക്കും.

 

ക്ഷീര വികസന വകുപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീര സംഗമം സംഘടിപ്പിക്കുന്നത്. 23ന് രാവിലെ 8.10ന് കന്നുകാലി പ്രദര്‍ശന മത്സരം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്യും. 9.30ന് പ്ലാങ്കമണ്‍ ജംഗ്ഷനില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര നടക്കും. രാവിലെ 11.30 ന് ക്ഷീര വികസന സെമിനാറില്‍ പാല്‍ ഗുണനിലവാരം, ജന്തുജന്യ രോഗങ്ങള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.

date