കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ബൈപ്പാസുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. - മന്ത്രി ജി സുധാകരന്
കോട്ടയ്ക്കല്‍ നിയോജകണ്ഡലത്തിലെ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ്, കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസുകളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു. കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ നവീകരിച്ച സര്‍ഹിന്ദ് -വൈദ്യരത്നം റോഡിന്റെയും കോട്ടയ്ക്കല്‍- കോട്ടപ്പടി റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഴിമതി ഇല്ലാതാക്കുകയും വികസനം കൊണ്ടു വരികയുമാണ് സര്‍ക്കാര്‍ നയം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ മാത്രം 75 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്.
പൂത്തൂര്‍- ചെനയ്ക്കല് ബൈപ്പാസിന്റെ മൂന്നാം ഘട്ടത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 23 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ രണ്ടു പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുത്ത് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജെ. ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി, കോട്ടയ്ക്ക്ല്‍ നഗരസഭാ ചെയര്മാന് കെ.കെ നാസര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലൈഖാബി, നഗസരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ നിയമസഭയില്‍ കോട്ടയ്ക്കലിനെ പ്രതിനിധീകരിച്ച എം.പി അബ്ദുസ്സമദ് സമദാനിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് 2.2 കിലോമീറ്റര്‍ ദൂരം വരുന്ന സര്‍ഹിന്ദ്- വൈദ്യരത്നം റോഡ് റബറൈസ്ഡ് ചെയ്ത് നവീകരിച്ചത്. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ 2016-17 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കോട്ടയ്ക്കല്‍- കോട്ടപ്പടി റോഡ് നവീകരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതി ലഭിച്ചത്. ദേശീയപാത 66 ല്‍ ചങ്കുവെട്ടി കുര്‍ബാനിയില്‍ നിന്ന് തുടങ്ങി കോട്ടപ്പടിയില്‍ അവസാനിക്കുന്ന ഈ റോഡ് വീതി കൂട്ടി റബറൈസ്ഡ് ചെയ്ത് നവീകരിക്കുന്നതോടെ തിരൂര്‍- മലപ്പുറം റോഡിലെ തിരയ്ക്ക് കുറയ്ക്കാനാകും.
- Log in to post comments