Skip to main content

ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 9.30ന് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.  ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു,  ജില്ലാ സര്‍വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി തുടങ്ങിയവര്‍ പങ്കെടുക്കും.

 

എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാലു വര്‍ഷം കൊണ്ട് കേരളത്തെ ശാസ്ത്രീയമായ രീതിയില്‍ സര്‍വേ ചെയ്തു കൃത്യമായ റെക്കോര്‍ഡുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ റീസര്‍വേ നടപ്പാക്കുന്നത്.

 

1966 ലാണ് സംസ്ഥാനത്ത് സര്‍വേ നടപടികള്‍ തുടങ്ങിയത്. 56 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ എന്റെ ഭൂമി എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുവാനും  സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഭൂഉടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖ കൂടിയാണ് ഡിജിറ്റല്‍ സര്‍വേയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

date