Skip to main content

ആസാദി കാ അമൃത് മഹോത്സവ് പ്രദർശനം സമാപിച്ചു

രാഷ്ട്ര സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോംട്രസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ പ്രദർശന, ബോധവത്കരണ പരിപാടി സമാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം, വിവിധ വകുപ്പുകളുടെ സേവനങ്ങൾ വിവരിക്കുന്ന സ്റ്റാളുകൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തിയിരുന്നു.

 

 കോവിഡാനന്തര കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക, ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് സെമിനാറും ബാങ്കുകൾ നടത്തുന്ന സ്വയം തൊഴിൽ പരിശീലന പരിപാടികൾ പരിചയപ്പെടുത്തുന്ന ക്ലാസ്സും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

 

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട്, കണ്ണൂർ, പാലക്കാട് ഓഫീസുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ചു ദിവസമായി നടന്ന പ്രദർശനത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ ആധാർ പുതുക്കൽ സ്റ്റാളും ജനശ്രദ്ധ ആകർഷിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള പ്രദർശന സ്റ്റാളും നിരവധി പേർ സന്ദർശിച്ചു.

 

ആസാദി കാ അമൃത് മഹോത്സാവിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക ബോധവത്കരണ പരിപാടികളിൽ ആദ്യത്തേതാണ് കോഴിക്കോട് സംഘടിപ്പിച്ചത്.

 

 

 

 

 

date