അങ്കമാലി മാഞ്ഞാലി തോട്: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
കൊച്ചി: പായലും ചെളിയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അങ്കമാലി മാഞ്ഞാലി തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. വെള്ളം ഒഴുകാത്തതുമൂലം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുകയും നഗരസഭാ പരിധിയിലുള്ള നൂറിലധികം വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ നടപടികള്‍ സ്വീകരിച്ചത്.
നഗരസഭയുടെ 4, 25, 26 വാര്‍ഡുകളിലാണ് വെള്ളക്കെട്ടുണ്ടായത്. തോടിനു കുറുകെയുള്ള പാലത്തിന്റെ തൂണില്‍ പുല്ലും പായലും അടിഞ്ഞു കൂടിയാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത്. മഴ തുടങ്ങിയതോടെ തോട്ടില്‍ വെള്ളം നിറഞ്ഞ് റോഡിലേക്കൊഴുകി. തുരുത്ത് ഭാഗത്തേക്കുള്ള റോഡില്‍ വെള്ളം നിറഞ്ഞതു മൂലം ഇവിടേക്കുളള ഗതാഗതം തടസപ്പെട്ടു. നൂറിലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. നാലു ദിവസത്തോളം വെള്ളക്കെട്ടുണ്ടായത് ജനങ്ങളെ ദുരിതക്കയത്തിലാക്കി.
25, 26 വാര്‍ഡുകളിലെ കോളനികളിലും വെള്ളം കയറി. എഴുപതോളം വീടുകളാണ് ഇവിടെയുള്ളത്. പായലും ചെളിയും നീക്കി ഒഴുക്ക് സുഗമമാക്കിയാല്‍ മാത്രമേ വെളളം ഇറങ്ങൂ എന്ന സ്ഥിതി വന്നു. തുടര്‍ന്ന് നഗരസഭ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുകയായിരുന്നു.
ഒരു ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. ഫ്‌ലോട്ടിംഗ് ജെസിബി ഉപയോഗിച്ചാണ് പുല്ലു മാറ്റുന്നത്. പാലത്തിന്റെ ഒരു തൂണില്‍ തടഞ്ഞു നിന്നിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തതോടെ തോടൊഴുകാന്‍ തുടങ്ങി. തുടര്‍ന്ന് വെള്ളക്കെട്ടിന് ശമനമുണ്ടായി. മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. അങ്ങാടിക്കടവ്, റയില്‍വെ ക്രോസ് ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ മാലിന്യപ്രശ്‌നം ഉള്ളത്.
വൃത്തിയാക്കല്‍ നടപടിയുടെ ഭാഗമായി അജന്ത ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങ് ചെയര്‍പേഴ്‌സണ്‍ എം എ ഗ്രേസി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹന്‍ സ്വാഗതവും. കൗണ്‍സിലര്‍ ബിനു.ബി.അയ്യമ്പിളളി നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അദ്യക്ഷ ഷോബി ജോര്‍ജ്ജ്, കൗണ്‍സിലര്‍ ടി ടി ദേവസി കുട്ടി, അജന്ത ക്ലബ്ബ് സെക്രട്ടറി കെ ഡി റോയി, കൗണ്‍സിലര്‍മാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments