ഭിന്നശേഷിക്കാരുടെ നൈപുണ്യവികസന- തൊഴില്‍ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി ഇന്ന് വിതരണം ചെയ്യും
കാക്കനാട്: ഗ്രാമങ്ങളിലുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി അവരുടെ നൈപുണ്യങ്ങള്‍ വളര്‍ത്തി തൊഴിലധിഷ്ഠിത പരിശീലനം നല്കുന്ന കുടുംബശ്രീ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിന് ഇന്ന് (ജൂലൈ 31) തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി.ജലീല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. രാവിലെ 10ന് കളമശ്ശേരി രാജഗിരി കോളേജിലാണ് പരിപാടി. രാജഗിരി സ്ഥാപനങ്ങളുടെ മാനേജര്‍ ഡോ.ജോസ് കുറിയേടത്ത് അധ്യക്ഷത വഹിക്കും. കളമശ്ശേരി എം.എല്‍.എ. വി.കെ.ഇബ്രാഹിംകുഞ്ഞ് പങ്കെടുക്കും.
ഭിന്നശേഷിക്കാരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഗ്രാമീണ കൗശല്യ യോജനയിലുള്പ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 30 പേര് വീതമുള്ള ബാച്ചുകളിലായി ആകെ 150 പേര്‍ക്കാണ് പരിശീലനം നല്‍കുക. ഇതിലെ ആദ്യ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. രണ്ടാം ബാച്ചിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ബാച്ചിലേക്കുള്ള പ്രവേശനവും ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി രാജഗിരി കോളേജിലെ നൈപുണ്യവികസന വിഭാഗത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ബുക്ക് ബൈന്‍ഡിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കോഴ്സുകളിലാണ് പരിശീലനം. സംസ്ഥാനത്ത് പഞ്ചായത്ത് പ്രദേശങ്ങളില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ ആര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. നാലുമാസത്തെ കോഴ്സില്‍ പഠനോപകരണങ്ങളും പരിശീലനവും സൗജന്യമാണ്. കൂടാതെ സ്റ്റൈപ്പന്റും ലഭിക്കും
- Log in to post comments