ഗണിതം: വിജയത്തിൽ ജില്ല ഒന്നാമതെങ്കിലും മികവ് പോരെന്ന് ശിൽപശാല
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലെ ഗണിതത്തിൽ കണ്ണൂർ ജില്ല വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയെങ്കിലും മറ്റു വിഷയങ്ങളെപ്പോലെ മികവ് പ്രകടിപ്പിക്കാൻ സാധിച്ചില്ലെന്ന് വിലയിരുത്തൽ. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മികവുൽസവം 2018 ശിൽപശാലയിൽ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷാ ഫലത്തെ കുറിച്ചു നടന്ന അവലോകനത്തിലാണ് ഇക്കാര്യം ചർച്ചയായത്. ജില്ലയിൽ പരീക്ഷയെഴുതിയ 34227 കുട്ടികളിൽ ഗണിതത്തിൽ 8882 പേർക്ക് പകുതിയിൽ കുറവ് മാർക്ക് മാത്രമേ ലഭിച്ചുള്ളൂ. സാമൂഹ്യ ശാസ്ത്രത്തിത്തിൽ 6019 പേർക്കും സി പ്ലസിൽ കുറവ് ഗ്രേഡ് മാത്രമാണ് നേടാനായത്.
അതേസമയം, എല്ലാ വിഷയങ്ങളിലും സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനം കൈവരിക്കാൻ ജില്ലയ്ക്ക് സാധിച്ചു. ഫിസിക്‌സ്, ഐ.ടി വിഷയങ്ങളിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ഹിന്ദി, ബയോളജി വിഷയങ്ങളിൽ മൂന്നാം സ്ഥാനവും കൈവരിക്കാൻ ജില്ലയ്ക്കായി. അതേസമയം, മലയാളം ഒന്നാം പേപ്പറിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനം മാത്രമാണ് ജില്ലയ്ക്കുള്ളത്. സാമൂഹ്യശാസ്ത്രത്തിൽ ഏഴും ഇംഗ്ലീഷിൽ ആറുമാണ് ജില്ലയുടെ സ്ഥാനം.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 99.036 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതാവാൻ കണ്ണൂർ ജില്ലയ്ക്ക് സാധിച്ചിരുന്നു. പരീക്ഷയ്ക്കിരുന്ന 34227 കുട്ടികളിൽ 33897 പേർ തുടർ പഠനത്തിന് യോഗ്യത നേടി. 30 കുട്ടികളെ കൂടി വിജയിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ജില്ലയ്ക്ക് സാധിക്കുമായിരുന്നുവെന്ന് ശിൽപശാല വിലയിരുത്തി. എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയവരിൽ പെൺ കുട്ടികളാണ് ജില്ലയിൽ മുന്നിൽ. 2211 പെൺകുട്ടികളും 1109 ആൺകുട്ടികളുമാണ് ഈ നേട്ടം കൈവരിച്ചത്. ആകെയുള്ള 209ൽ 105 സ്‌കൂളുകൾക്ക് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനായി. 32 സ്‌കൂളുകൾക്ക് 99നും 100നുമിടയിലും 37 സ്‌കൂളുകൾക്ക് 98നും 99നുമിടയിലും വിജയ ശതമാനമുണ്ട്. 90ൽ കുറവ് വിജയ ശതമാനമുള്ളത് ജില്ലയിലെ രണ്ട് സ്‌കൂളുകൾക്ക് മാത്രമാണ്.
85 വിദ്യാലയങ്ങളുള്ള തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 51 സ്‌കൂളുകളും (60%), 88 സ്‌കൂളുകളുള്ള തളിപ്പറമ്പിൽ 43 സ്‌കൂളുകളും (48.9%) 100 ശതമാനം വിജയം കൈവരിച്ചപ്പോൾ 36 സ്‌കൂളുകൾ മാത്രമുള്ള കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 36ൽ എട്ട് സ്‌കൂളുകൾക്കു മാത്രമേ (22.2 %) ഈ നേട്ടം കൈവരിക്കാനായുള്ളൂ എന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വർഷത്തെ പിഴവുകൾ തിരുത്തി മുന്നോട്ടുപോവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശിൽപശാല ചർച്ച ചെയ്തു.
- Log in to post comments