Skip to main content

ദേശീയ വിരവിമുക്ത ദിനം ജനുവരി 17ന്, ജില്ലയിലെ 2,25,337 കുട്ടികള്‍ക്ക് വിരഗുളിക നല്‍കും: ഡി.എം.ഒ

ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുളള 2,25,337 കുട്ടികള്‍ക്ക് ജനുവരി 17ന് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരയ്ക്കെതിരെയുളള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

 

വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് ആഹാരം കഴിക്കുമ്പോഴും കളികളില്‍ ഏര്‍പ്പെടുമ്പോഴും, ശുചിത്വമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോഴും ശരീരത്തില്‍ ധാരാളമായി വിരകള്‍ പ്രത്യേകിച്ച് കുട്ടികളില്‍ പ്രവേശിക്കുന്നുണ്ട്.  ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ആഹാരത്തിലെ പോഷക ഘടകങ്ങള്‍ വലിയൊരളവുവരെ ആഗിരണം ചെയ്യുന്നതുമൂലം കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തില്‍ ഏകാഗ്രതക്കുറവ് എന്നിവ അനുഭവപ്പെടുന്നു. വിരബാധ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നത് കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ശുചിത്വശീലം പാലിക്കുകയും, ആറ് മാസം ഇടവിട്ട് വിരയ്ക്കെതിരെയുളള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയുമാണ് ഇതിനുളള പ്രതിവിധി. സ്‌കൂളുകളിലും അങ്കണവാടികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ നോട്ടത്തില്‍ ഗുളികകള്‍ വിതരണം ചെയ്യും.

 

ഒരു വയസിനും രണ്ട് വയസിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെളളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. രണ്ട് വയസു മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ ഒരു ഗുളിക(400 മി.ഗ്രാം) ചവച്ചരച്ച് കഴിച്ച ശേഷം ഒരു ഗ്ലാസ് വെളളം കുടിക്കണം. ഭക്ഷണം കഴിക്കാതെ ഗുളിക കഴിക്കരുത്.  പനിയോ, മറ്റസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക കഴിക്കേണ്ടതാണ്. പനി, മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ രോഗം ഭേദമായ ശേഷമോ, ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമോ ഗുളിക കഴിക്കാം.

 

സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും 19നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ആശാപ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുളള അങ്കണവാടികളില്‍ നിന്നും ഗുളികകള്‍ നല്‍കും. ജനുവരി 17 ന് ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ ജനുവരി 24ന് വിരഗുളിക കഴിക്കണം.

 

വിരബാധയുണ്ടാകാതിരിക്കാന്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

വീടിന് പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കുക

ശുദ്ധജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക

പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക

കൈകാലുകളിലെ നഖം വെട്ടി വൃത്തിയാക്കുക

ശുചിമുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക 

ശുചിമുറി അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കുക.

date