Skip to main content

എസ്എസ്എല്‍സി പഠനനിലവാരമുയര്‍ത്താന്‍  ഡിവിഷന്‍തല കര്‍മപദ്ധതിയുമായി  ജില്ലാ പഞ്ചായത്ത്

    ജില്ലയിലെ എസ്എസ്എല്‍സി പഠനം മികവുറ്റതാക്കാനും പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് യോഗ്യരാക്കാനുമായി ഡിവിഷന്‍തല കര്‍മ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. സപ്തംബര്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെ നീളുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തലത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ കാഴ്ചവച്ച പ്രകടനം വിശദമായി വിലയിരുത്തി. 
    അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശവും സ്‌കൂളും കേന്ദ്രീകരിച്ചുള്ള സവിശേഷമായ കര്‍മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ഡി.ഇ.ഒ, എ.ഇ.ഒ, ഡിവിഷന്‍ അംഗം, സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
    മയ്യില്‍ ഡിവിഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ പത്താംതരം പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി അവലോകനത്തില്‍ കണ്ടെത്തി. മൂന്ന് സ്‌കൂളുകളിലായി 862 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 104 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടാനായി. ജില്ലയിലെ 24 ല്‍ 12 ഡിവിഷനുകളിലെ സ്‌കൂളുകളിലും വിജയശതമാനം 99നു മുകളില്‍ നിലനിര്‍ത്താനായി. പല സ്‌കൂളുകളിലും ഒന്നോ രണ്ടോ കുട്ടികള്‍ക്ക് മാത്രമാണ് കഴിഞ്ഞ പരീക്ഷയില്‍ യോഗ്യത നേടാനാവാതെ പോയത്. കഴിഞ്ഞ വര്‍ഷത്തെ പിഴവുകള്‍ കണ്ടെത്തി അവ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. പ്രത്യേക പഠനക്യാംപുകള്‍, രാവിലെയും വൈകുന്നേരവുമുള്ള പ്രത്യേക സെഷനുകള്‍, സബ്ജക്ട് ക്ലിനിക്കുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 
    അടുത്ത വര്‍ഷം പരീക്ഷയെഴുതുന്നവരില്‍ ചുരുങ്ങിയത് 80 ശതമാനം കുട്ടികള്‍ക്കും സിപ്ലസില്‍ കുറയാത്ത ഗ്രേഡും 20 ശതമാനം പേര്‍ക്കും എല്ലാ വിഷയങ്ങളിലും എപ്ലസ്സും നേടാന്‍ സാഹചര്യമൊരുക്കുകയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന പഠനപ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളും പിറകില്‍ നില്‍ക്കുന്ന ഗണിതം, സാമൂഹ്യശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. കഴിഞ്ഞ തവണ പിന്നാക്കം പോയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. 
    
 

date