ഗ്രാമപഞ്ചായത്തുകളില്‍ വകുപ്പ്തല വിജിലന്‍സ് വാരാചരണം - ആഗസ്ത് 08 മുതല്‍ 14 വരെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ജനസമ്പര്‍ക്ക പരിപാടി
കൊച്ചി: എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ആഗസ്ത് 08 മുതല്‍ 14 വരെ വകുപ്പ്തല വിജിലന്‍സ് വാരാചരണം നടത്തും. പഞ്ചായത്ത് വകുപ്പിലെ ആഭ്യന്തര വിജിലന്‍സ് വിഭാഗത്തിന്റെയും, സദ്ഭരണ സംവിധാനങ്ങളുടെയും ശക്തിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് വാരാചരണം നടത്തുന്നത്. വിജിലന്‍സ് വാരാചരണവുമായി ബന്ധപ്പെട്ട് ജനസമ്പര്‍ക്ക പരിപാടി, 'അഴിമതി മുക്ത ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്തുകള്‍' എന്ന വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുക്കുന്ന ഗ്രൂപ്പ് ചര്‍ച്ച, മത്സരം, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും.
ജനസമ്പര്‍ക്ക പരിപാടിയാണ് വകുപ്പ്തല വിജിലന്‍സ് വാരാചരണത്തിന്റെ പ്രധാന ആകര്‍ഷണം. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തും.
ജനസമ്പര്‍ക്ക പരിപാടിയില്‍ ഫയല്‍ അദാലത്ത്, അതിവേഗ സേവനങ്ങള്‍, ഗ്രാമപഞ്ചായത്തില്‍ നിന്നുളള സേവനങ്ങളുടെ ഗുണനിലവാരത്തിന്‍മേല്‍ സോഷ്യല്‍ ആഡിറ്റ്, പൊതുവായി ഗ്രാമപഞ്ചായത്ത് മേഖല നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവയാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്താഫീസില്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷകളിന്‍മേലും, പരാതികളിലും അന്തിമതീര്‍പ്പ് കല്‍പ്പിക്കാത്ത വിഷയങ്ങള്‍, ജനങ്ങള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളില്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കേണ്ട വിഷയങ്ങളിലുളള പരാതികള്‍, ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും, സേവനലബ്ധിയിന്‍മേലുളള ആക്ഷേപങ്ങളും ഈ പരിപാടിയില്‍ രേഖാമൂലം സമര്‍പ്പിക്കാം. ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കും, പരാതികള്‍ക്കും അടിയന്തിര നടപടി സ്വീകരിച്ച് അപേക്ഷകള്‍ക്ക് മറുപടി ലഭിക്കും. ജില്ലാതലത്തില്‍ ജനസമ്പര്‍ക്ക പരിപാടിയിലെ അപേക്ഷകളുടെ തീര്‍പ്പ് സംബന്ധിച്ച് മോണിറ്ററിംഗ് ഉണ്ടായിരിക്കും.
ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ജനന-മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളും, മറ്റ് തിരഞ്ഞെടുക്കപ്പെട്ട സേവനങ്ങളും അതിവേഗം നല്‍കുന്നതിന് പ്രത്യേകം ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. ഇ-ഗവേണന്‍സിന്റെ ബൃഹത്തായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ സദ്ഭരണ കാര്യാലയങ്ങളാക്കുക എന്ന പഞ്ചായത്ത് വകുപ്പിന്റെ സമഗ്രയജ്ഞത്തിന്റെ അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തിലെ പുതിയ സംവിധാനങ്ങളെ ജനങ്ങള്‍ക്ക് സുപരിചിതമാക്കുകയും, അഴിമതി രഹിതമായി സേവനങ്ങള്‍ ഞൊടിയിടയില്‍ ജനങ്ങളിലെത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ് വിജിലന്‍സ് വാരാചരണത്തിന്റെ
ലക്ഷ്യം.
- Log in to post comments