കാട്ടുപന്നിശല്യം: ജാഗ്രതാ സമിതികള്‍ മേല്‍നോട്ടം വഹിക്കണം
കാട്ടുപന്നിശല്യത്തിനു പരിഹാരം കാണുന്നതിന് പ്രാദേശിക തലത്തില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായ മേല്‍നോട്ടം വഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
ടാസ്ക്ഫോഴ്സുകളുടെ പ്രവര്‍ത്തനം, തോക്ക് ലൈസന്‍സുള്ള ഷൂട്ടര്‍മാരുടെ പരിശീലനം എന്നിവ യോഗം വിലയിരുത്തി. തോക്ക് ലൈസന്‍സുള്ള ഷൂട്ടര്‍മാരില്‍ പരിശീലനം ആവശ്യമുള്ളവര്‍ ഡിഎഫ്ഒ കോന്നി, ഡിഎഫ്ഒ റാന്നി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 23ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments