Skip to main content

ദേശീയ വിരവിമുക്തദിനം: ജില്ലാതല ഉദ്ഘാടനം നാളെ (10ന്)

 

ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് തുമ്പമണ്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, സ്ഥിരം സമിതി അധ്യക്ഷരായ എലിസബത്ത് അബു, കെ.ജി.അനിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രേഖ അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് പി.വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.റ്റി.തോമസ്, റോസമ്മ വര്‍ഗീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ.ഗോപി, ജില്ലാ മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍കുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ആര്‍.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 

ആഗസ്റ്റ് 10 ദേശീയ വിരവിമുക്തദിനമായി ആചരിക്കുകയാണ്. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ, തളര്‍ച്ച, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, വയറിളക്കം തുടങ്ങിയവ വിരബാധയുടെ ലക്ഷണങ്ങളാണ്. കുട്ടികളുടെ ആരോഗ്യത്തേയും പഠനത്തേയും പ്രതികൂലമായി ബാധിക്കുന്ന വിരബാധയ്ക്ക് പരിഹാരമായാണ് ഗുളികകള്‍ നല്‍കുന്നത്. ഗുളിക കഴിക്കുന്നതിലൂടെ വിളര്‍ച്ച കുറയുകയും പോഷക ഘടകങ്ങളുടെ ആഗിരണം മെച്ചപ്പെടുകയും രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും പഠിക്കാനുള്ള ഏകാഗ്രത കൂടുകയും ചെയ്യും. ഒരു ദിവസം ഒരുമിച്ച് എല്ലാ കുട്ടികളും ഗുളിക കഴിക്കുന്നതുവഴി സമൂഹത്തില്‍ നിന്ന് വിരബാധ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയും. ഒന്ന് മുതല്‍ 19 വയസ് വരെയുള്ളവര്‍ക്ക് സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലൂടെ ഗുളിക വിതരണം ചെയ്യും.          (പിഎന്‍പി 2277/18)

date