ഈറ്റ തൊഴിലാളികള്‍ക്ക് ഈറ്റ സംഭരിക്കുന്നതിനുള്ള ജിഎസ്ടി കുടിശിക തുക അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും- വനം വകുപ്പ് മന്ത്രി
കോന്നി, റാന്നി വനമേഖലയില്‍ നിന്നും ഈറ്റ തൊഴിലാളികള്‍ക്ക് ഈറ്റ സംഭരിക്കുന്നതിന് ആവശ്യമായ ജിഎസ്ടി കുടിശിക തുക അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
റാന്നി, കോന്നി വന മേഖലയില്‍ സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഈറ്റ സംഭരണം പുന:രാരംഭിക്കുന്നത് സംബന്ധിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ കോന്നി, റാന്നി, വടശേരിക്കര റേഞ്ചുകളില്‍ നിന്നും 8200 മെട്രിക് ടണ്‍ ഈറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം ഈറ്റ സംഭരിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഈറ്റ സംഭരിക്കുന്നതില്‍ ജിഎസ്ടി കുടിശിക തീര്‍ക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും തുക അനുവദിക്കുന്ന മുറയ്ക്ക് ഈറ്റ വനം മേഖലയില്‍ നിന്ന് ശേഖരിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടി അടിയന്തരമായി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 2025 വരെ അഞ്ചുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 10000 മെട്രിക് ടണ്‍ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആയിട്ടുള്ളതാണ്.
(പിഎന്‍പി 908/23)
- Log in to post comments