Skip to main content
ഫോട്ടോ അടിക്കുറിപ്പ്- ഇഎംഎസ് ഹോസ്പിറ്റല്‍- ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.

ഇഎംഎസ് ആശുപത്രി നല്ല പേരും മികച്ച വളര്‍ച്ചയും കൈവരിച്ചു: മന്ത്രി വീണാ ജോര്‍ജ്

**ഫിസിയോ തെറാപ്പി യൂണിറ്റ് ആരംഭിച്ചു

ഇലന്തൂരിലെ ഇഎംഎസ് സഹകരണ ആശുപത്രി കുറഞ്ഞ കാലയളവില്‍ നല്ല പേരും മികച്ച വളര്‍ച്ചയും കൈവരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പഞ്ഞു. ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രി മാനേജ്മെന്റ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ അക്ഷീണ പ്രയത്നവും സമര്‍പ്പണവുമാണ് മാതൃകാപരമായ ഈ വളര്‍ച്ച കൈവരിച്ചതിനു പിന്നില്‍. ഫിസിയോ തെറാപ്പി യൂണിറ്റ് ആരംഭിച്ചതിന് പ്രത്യേക പ്രാധാന്യമുണ്ട്. ചലന പരിമിതി പരിഹരിക്കുന്നതിന് ഫിസിയോ തെറാപ്പി വളരെ ഫലപ്രദമാണ്. ഒക്കുപേഷണല്‍ തെറാപ്പിക്ക്  ആഗോളതലത്തില്‍ തൊഴില്‍ അവസരമുണ്ട്.
മികച്ച ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ആളുകളുടെ സുസ്ഥിതിയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ആര്‍ദ്രം പദ്ധതിയിലൂടെ ചികിത്സാ സേവന ഗുണനിലവാരം മികവുറ്റതാക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളെ നല്ല ആരോഗ്യമുള്ളവരാക്കി പരിരക്ഷിക്കുകയാണ് പ്രധാനം. സംസ്ഥാനത്ത് പുതുതായി 25 നഴ്സിംഗ് കോളജുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് ഉള്‍പ്പെടെ ഇതിന്റെ ഗുണഫലം ലഭിക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ സഹകരണ പ്രസ്ഥാനം നല്‍കുന്ന സേവനം മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.
ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി.കെ.ജി. നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.കെ. ദേവാനന്ദന്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ബോര്‍ഡ് അംഗങ്ങളായ ഡോ. പി.സി. ഇന്ദിര, ഡോ. കെ.ജി. സുരേഷ്, പി.ആര്‍. പ്രദീപ്, കെ. ഗോപാലകൃഷ്ണന്‍, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ്. നിര്‍മ്മല ദേവി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിയാസ് ഖാന്‍, സ്പോര്‍ട്സ് ഫിസിയോ തെറാപ്പിസ്റ്റ് എസ്. നിഷാദ്, ആശുപത്രി സെക്രട്ടറി അലന്‍ മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
    (പിഎന്‍പി 949/23)

date