Skip to main content
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്

പ്രളയക്കെടുതികള്‍ സംബന്ധിച്ച് പുതുക്കിയ റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിന് നല്‍കും - മന്ത്രി മാത്യു ടി.തോമസ്

 

ജില്ലയിലെ പ്രളയക്കെടുതികള്‍ സംബന്ധിച്ച് പുതുക്കിയ റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിന് ഉടന്‍ തയറാക്കി നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ.വി.ധര്‍മറെഡ്ഡിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തോടൊപ്പം തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാലവര്‍ഷം ആരംഭിച്ചതിനുശേഷം ജില്ലയില്‍ മുമ്പെങ്ങും ഇല്ലാത്തവിധത്തിലുള്ള പ്രളയക്കെടുതികളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. കഴിഞ്ഞയാഴ്ച മഴ കുറഞ്ഞപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ വീടുകളിലേക്ക്  മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും മഴ ശക്തിപ്പെടുകയും ഡാമുകള്‍ തുറക്കുകയും  ചെയ്ത സാഹചര്യത്തില്‍ തുടര്‍ന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കൂടി കേന്ദ്രസംഘത്തിന് കൈമാറും. സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്നതിന് സര്‍ക്കാര്‍ എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  തിരുവല്ല താലൂക്കിലെ എല്ലാ വില്ലേജുകളെയും പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്. ഏറ്റവും രൂക്ഷമായി ബാധിച്ച അഞ്ച് വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വില്ലേജുകളിലും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കാവുംഭാഗം വില്ലേജിലെ കഴുപ്പില്‍, മുണ്ടിയപ്പള്ളി കോളനികള്‍, കടപ്ര വില്ലേജിലെ     സീറോലാന്‍ഡ് ഏരിയ, കോയിച്ചിറ കോളനി, നിരണം വില്ലേജിലെ സെന്റ് ജോര്‍ജ് ചര്‍ച്ച് ഭാഗം, നിരണം ഡക്ക് ഫാം തുടങ്ങിയ പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നടത്തിയ സന്ദര്‍ശനത്തില്‍ ഇവിടുത്തെ പ്രളയക്കെടുതികള്‍ സംബന്ധിച്ച സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഒറ്റപ്പെട്ട വീടുകളില്‍ പോലും എത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര സംഘം ഏറെ താത്പര്യം കാട്ടി. ജില്ലയിലെ പ്രളയക്കെടുതികള്‍ സംബന്ധിച്ച് ബോധ്യം വന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് അനുകൂലമായ സമഗ്ര റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. 

                                                                      (പിഎന്‍പി 2309/18)

date