Skip to main content

ചിറയിന്‍കീഴില്‍ സമഗ്ര മാനസികാരോഗ്യ പരിപാടി; സുരക്ഷക്ക് തുടക്കമായി

 

സാമൂഹ്യനീതി വകുപ്പിന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗത്തിന്റെയും സഹായത്തോടെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സമഗ്ര മാനസികാരോഗ്യ പരിപാടി തുടങ്ങി. സുരക്ഷ എന്നു പേരിട്ടിരിക്കുന്ന പരിപാടി സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്ന ബ്ലോക്ക് പഞ്ചായത്താണു ചിറയിന്‍കീഴ്. 

മാനസിക വൈകല്യമുള്ളവര്‍ക്കു മാന്യമായ ജീവിതം, ചികിത്സ, സാമൂഹ്യ സുരക്ഷ എന്നിവ ലഭ്യമാക്കുന്ന പദ്ധതിയാണ് സുരക്ഷ. കുട്ടികളുടെ പഠന വൈകല്യങ്ങള്‍ മുതല്‍ വയോജനങ്ങളുടെ മറവിരോഗം വരെയുള്ള പ്രശ്‌നങ്ങള്‍ക്കു സൗജന്യ ചികിത്സയും കൗണ്‍സലിംഗ് സേവനങ്ങളും സൈക്കോ തെറാപ്പിയും സുരക്ഷ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നു.

അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ സുരക്ഷ വാര്‍ഡുതല സമിതികള്‍ വഴിയാണു രോഗികളെ  കണ്ടെത്തി സേവനം ലഭ്യമാക്കുന്നത്.  മാനസികാരോഗ്യ സംരക്ഷണം, മാനസിക പ്രശ്‌നങ്ങളുടെ ആരംഭ ലക്ഷണങ്ങള്‍ തുടങ്ങിയവ മനസിലാക്കി ചികിത്സ നേടുന്നതിനെക്കുറിച്ചു ജനങ്ങള്‍ക്ക് പരമാവധി അറിവ് പകരുന്നു. തുടര്‍ന്നു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സുരക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചു ചികിത്സയും തുടര്‍ സേവനങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. 

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്ലോക്ക് ഓഫീസിലും സുരക്ഷ മാനസികാരോഗ്യ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  തുടര്‍ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളേജിലേക്കും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും റഫര്‍ ചെയ്യും.

തീവ്ര വൈകല്യം അനുഭവിക്കുന്നവരെ പരിചരിക്കുന്നവര്‍ക്കു ബോധവത്കരണവും പരിശീലനവും ഒപ്പം ആശ്വാസകിരണം പദ്ധതി വഴി  ധനസഹായവും നല്‍കുന്നു. മാനസികരോഗം ഭേദമാകുന്ന മുറയ്ക്ക് തൊഴിലധിഷ്ഠിത പുനരധിവാസവും നല്‍കി മാതൃകയാവുകയാണു ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്.

(പി.ആര്‍.പി. 2033/2018)

date