ഭൂരഹിതര്‍ക്ക് കിളിമാനൂരില്‍ ഭവന സമുച്ചയം ഒരുങ്ങുന്നു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കു ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന സമുച്ചയം നിര്‍മിക്കാന്‍ ഒരുങ്ങി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്്. പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തില്‍ ഇതിനായി 80 സെന്റ് സ്ഥലം വാങ്ങി.
മൂന്നു നിലകളുള്ള നാലു കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കാനാണു പദ്ധതി. ഇതോടെ 48 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. രണ്ടു മുറികള്‍, അടുക്കള, ബാത്ത് റൂം, സിറ്റൗട്ട് എന്നിവ അടങ്ങിയ ഒരു വീടിന് ഏകദേശം 12 ലക്ഷം രൂപ ചെലവിടും. കൂടാതെ കെട്ടിട സമുച്ചയ ത്തോടനുബന്ധിച്ച് അംഗനവാടി, കുടുംബങ്ങള്‍ക്ക് സമ്മേളിക്കാന്‍ ഹാള്‍ എന്നിവയുടെ നിര്‍മാണവും ആസൂത്രണം ചെയ്യുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളുടെയും ലിസ്റ്റില്‍ നിന്നും ലൈഫ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുക്കുന്നവരാണു ഗുണഭോക്താക്കള്‍. ഓണം കഴിഞ്ഞു നിര്‍മാണം ആരംഭിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.പി. 2035/2018)
- Log in to post comments