Skip to main content

വര്‍ഗീസ് ജോണിന് മന്ത്രിയുടെ കൈത്താങ്ങ്

ജനങ്ങള്‍ക്ക് നല്ലതുവരണമെന്ന് പറഞ്ഞു നല്‍കിയതാ സാറേ ആ അഞ്ചു സെന്റ് സ്ഥലം. എന്നാല്‍ ഇപ്പോള്‍ സ്ഥലം നല്‍കിയ ഞാന്‍ ഇനി കയറാത്ത ഓഫീസുകളില്ല. എനിക്ക് നീതി വേണം സര്‍ എന്നു പറഞ്ഞ് മന്ത്രി പി രാജീവിന്റെ മുന്‍പിലിരുന്നു വിതുമ്പു കയായിരുന്നു അദാലത്തില്‍ പരാതിയുമായി എത്തിയ വയോധികനായ പയ്യനാമണ്‍ സ്വദേശി വര്‍ഗീസ് ജോണ്‍.
വര്‍ഗീസ് ജോണ്‍ തന്റെ പരാതി പറഞ്ഞു തുടങ്ങി. 2004 ലാണ് കോന്നിതാഴം സപ്ലെ സ്‌കീമില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിന് അഞ്ചു സെന്റ് സ്ഥലം വിട്ടു നല്‍കിയത്. പദ്ധതി നടപ്പിലാകുമ്പോള്‍ വസ്തുവിന്റെ നദീതീരം സുരക്ഷിച്ചു നല്‍കാമെന്ന് കോന്നി പഞ്ചായത്ത് ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ നാളിതുവരെയായിട്ടും പഞ്ചായത്ത് സ്ഥലം കെട്ടി നല്‍കിയില്ല. ഗാര്‍ഹിക ശുദ്ധജല കണക്ഷന്‍ സൗജന്യമായി നല്‍കണമെന്ന തന്റെ ന്യായമായ ആവശ്യം വാട്ടര്‍ അതോറിറ്റി പരിഗണിക്കുന്നില്ലെന്നും പറയുമ്പോള്‍ വര്‍ഗീസ് ജോണിന്റെ ശബ്ദമിടറി. ഞാന്‍ എന്തു ചെയ്യണം സര്‍ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി എത്തി താങ്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പരിഹാരം കണ്ടിരിക്കും.
ഉടന്‍ ഗാര്‍ഹിക ശുദ്ധജല കണക്ഷന്‍ സൗജന്യമായി നല്‍കുവാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഓണര്‍ഷിപ്പ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. നദീതീരം കെട്ടി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കോന്നി പഞ്ചായത്തിനേയും മന്ത്രി ചുമതലപ്പെടുത്തി.
വര്‍ഷങ്ങളായി പുറകേ നടന്ന പ്രശ്‌നങ്ങള്‍ക്ക് ഒരേ നിമിഷം പരിഹാരമായതിന്റെ സന്തോഷത്തില്‍ വര്‍ഗീസ് ജോണ്‍ വീട്ടിലേക്ക് മടങ്ങിയത്.

date