ജില്ലയിൽ രണ്ട് പുതിയ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ തുടങ്ങും
ജില്ലയിൽ എസ് സി, എസ് ടി, വനിതാ വിഭാഗങ്ങൾക്കായി പുതിയ രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ തുടങ്ങും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സ്കിൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വനിതകൾക്കായി അസിസ്റ്റന്റ് ഇന്റീരിയർ ഡിസൈനർ, എസ് സി, എസ് ടി വിഭാഗങ്ങൾക്കായി ഹാൻഡ്ഹെൽഡ് ഡിവൈസസ് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഡി എസ് സി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. ജൂലൈ 15ഓടെ ക്ലാസുകൾ ആരംഭിക്കും. ഹാൻഡ്ഹെൽഡ് ഡിവൈസസ് പരിശീലനം എസ് സി/എസ് ടി വിഭാഗത്തിലെ 30 പേർക്കും, അസിസ്റ്റന്റ് ഇന്റീരിയർ ഡിസൈനിങ് പരിശീലനം 20 സ്ത്രീകൾക്കും നൽകും. 11.84 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. കണ്ണൂർ ഗവ ഐ ടി ഐ ടെലികോം സെക്ടർ സ്കിൽ കൗൺസിൽ വഴിയാണ് പദ്ധതികൾ നടപ്പാക്കുക.
കേന്ദ്ര, സംസ്ഥാന പദ്ധതിയായ സങ്കൽപിൽ ഉൾപ്പെടുത്തി ജില്ലയിൽ ഈ വർഷം നടപ്പാക്കുന്ന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. മഹാത്മാഗാന്ധി നാഷണൽ ഫെലോ സൂരജ് സൈമൺ പദ്ധതികൾ വിശദീകരിച്ചു. കുഞ്ഞിമംഗലം ബെൽ മെറ്റൽ പരമ്പരാഗത നൈപുണ്യവികസന പദ്ധതി, ഐ ഐ എച്ച് ടി-കെ എ എസ് ഇ നെയ്ത്ത് പരിശീലന പദ്ധതിയുടെ പൂർത്തീകരണം എന്നിവ ജില്ലാ സ്കിൽ കോർഡിനേറ്റർ വിജേഷ് വി ജയരാജ് വിശദീകരിച്ചു. 20 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
സ്കിൽ കമ്മിറ്റിയുടെ നവീകരണം, ഉപസമിതി രൂപീകരണം എന്നിവയും കമ്മിറ്റി ചർച്ച ചെയ്തു. ഡിപിഒ, എസ് സി ഡിഡിഒ, ജില്ലാ സ്കിൽ കോ ഓർഡിനേറ്റർ, ഗവ ഐ ടി ഐ പ്രിൻസിപ്പൽ, ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ, എംജിഎൻഎഫ്, കമ്മിറ്റി നിർദേശിക്കുന്ന ഒരാൾ എന്നിവരാണ് ഉപസമിതിയിൽ ഉണ്ടാവുക. അസാപ്, കെ ഡിസ്ക്, കെഎഎസ്ഇ, റൂഡ്സെറ്റ് തുടങ്ങിയ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് വിദഗ്ധപരിശീലനം നൽകുന്നതിനുള്ള പുതിയ ആശയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക കോഴ്സുകൾ ആരംഭിക്കണമെന്ന് എസ് എസ് കെ പ്രതിനിധി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ അപേക്ഷകൾ വരുന്ന തൊഴിൽ മേഖലകൾ കണ്ടെത്തി അതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വകുപ്പുകൾ തമ്മിൽ വിവരങ്ങൾ കൈമാറാനും യോഗത്തിൽ തീരുമാനമായി. ജില്ലാകലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഡിഡിപിഒ കൺവീനർ ടി രാജേഷ്, ഡി എസ് സി അംഗങ്ങളായ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments