Skip to main content

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനം

 

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെ സഹായം എത്തിക്കുന്നതിനും പ്രവര്‍ത്തനം മികച്ചതാണെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനം എര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഓരോ ക്യാമ്പിന്റെയും പ്രവര്‍ത്തനം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുന്ന നടപടി പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. ഇന്നു മുതല്‍ ക്യാമ്പുകളുടെ നടത്തിപ്പ് ചുമതല ഇവര്‍ക്കായിരിക്കും. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം അതത് താലൂക്കിന്റെ ഹബില്‍ നിന്നും എത്തിക്കും. ക്യാമ്പുകളില്‍ ആവശ്യമായ വൈദ്യസഹായം അതത് മെഡിക്കല്‍ നോഡല്‍ ഓഫീസറുടെ ചുമതലയില്‍ നല്‍കും. ഇതുള്‍പ്പെടെ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ക്യാമ്പ് ഓഫീസര്‍മാര്‍ ലഭ്യമാക്കും. 

ഇതിനു പുറമേ, ഈ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ക്യാമ്പുകളുടെ പ്രത്യേക ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും കേന്ദ്രീകൃതമായ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. 26 ഗ്രൂപ്പുകളായി 52 ഉദ്യോഗസ്ഥരെയാണ് ക്യാമ്പ് സന്ദര്‍ശിക്കുന്നതിന് അയച്ചത്. വൈകിട്ട് അഞ്ചുവരെയുള്ള സമയം ഈ ടീം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തും. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭിച്ചോ തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് വൈകിട്ട് ആറിന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കുള്ള അധിക സഹായങ്ങളും, പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. ഇതാദ്യമായാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കേന്ദ്രീകൃത ടീമിനെ അയയ്ക്കുന്നത്. നിലവില്‍ ആളിനെ ക്യാമ്പില്‍ പോസ്റ്റു ചെയ്യുക, ക്യാമ്പിലേക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുക, വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ക്യാമ്പ് കൈകാര്യം ചെയ്യുക തുടങ്ങിയ നടപടികള്‍ക്കു പുറമേയാണ് ഏറ്റവും മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചത്. 

date