Skip to main content

സേവനത്തിന്റെ പുതു മാതൃക പകര്‍ന്ന് ആര്‍മി

 

ദുരന്തമേഖലകളിലെ സേവനത്തിന്റെ ദ്രുത മാതൃക മലപ്പുറത്തിനു മുന്നില്‍ തുറന്നു കാണിച്ച് ആര്‍മിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. ജില്ലയില്‍ കാലവര്‍ഷം കനത്തു തുടങ്ങിയതോടെ ഓഗസ്റ്റ് ഒമ്പതിനാണ് കോയമ്പത്തൂരില്‍ നിന്നുള്ള 44 ഫീല്‍ഡ് റജിമെന്റിലെ 64 പേര്‍ കമാന്‍ഡിംഗ് ഓഫീസര്‍ സമീര്‍ അറോറയുടെ നേതൃത്വത്തില്‍ ജില്ലയിലെത്തിയത്. ആറ് പേര്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട നിലമ്പൂരിലെ ചെട്ടിയന്‍പാറയിലാണ് സംഘം ആദ്യമെത്തിയത്. അവിടെ അഞ്ച് മൃതദേഹങ്ങള്‍ നാട്ടുകാര്‍ തന്നെ കണ്ടെടുത്തിരുന്നു. രക്ഷാ പ്രവര്‍ത്തനം പ്രയാസകരമായതോടെ ആര്‍മി ടീം സ്ഥലത്തെത്തിയാണ് ആറാമത്തെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് കരുവാരക്കുണ്ട് ആദിവാസി കോളനിയില്‍ രാത്രി ഒമ്പത് മണിയോടെ എട്ട് കിലോമീറ്ററോളം നടന്നെത്തി ഇവിടെ അകപ്പെട്ടവരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഗതാഗത യോഗ്യമല്ലാതിരുന്ന അമ്പുമല, പാലക്കയം കോളനികളില്‍ ആദിവാസികള്‍ക്ക് റേഷനെത്തിക്കാനും ആര്‍മിക്കാര്‍ എത്തി.
കനത്ത മഴയില്‍ ഒലിച്ചുപോയ  പാലത്തിനു പകരമായി കാളികാവിലും പാണ്ടിക്കാട്ടും താല്‍ക്കാലിക നടപ്പാലം നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി. വെറ്റിലപ്പള്ളി കോളനിയില്‍ അകപ്പെട്ട 61 പേരെ രക്ഷിച്ചതും ആര്‍മി തന്നെയായിരുന്നു. പിന്നീട് സംഘം രണ്ടായി തിരിഞ്ഞു നിലമ്പൂരും കൊണ്ടോട്ടിയും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഐക്കരപ്പടിക്കടുത്ത പൂച്ചാലില്‍ മണ്ണിടിച്ചില്‍ പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപ്പെട്ടപ്പോള്‍ ഒരു മൃതദേഹം കണ്ടെടുത്തത് ആര്‍മി സംഘമായിരുന്നു. തൊട്ടടുത്ത ദിവസം പെരിങ്ങാവിലെ കൊടപ്പുറത്ത് ഒമ്പതു പേരുടെ മൃതദേഹം പുറത്തെടുത്തതും ആര്‍മിയുടെ സഹായത്തോടെയായിരുന്നു. വെറ്റിലപ്പാറയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്നും ആറ് പേരുടെ മൃതദേഹം കണ്ടെടുത്തതും ഈ ടീം തന്നെ. ഇതിനിടെ മൂലേപാടം വെണ്ടക്കാംപൊയിലില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചു പ്രദേശത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇവരെത്തി.
ഊട്ടി റോഡിലെ മണ്ണിടിച്ചില്‍ നടന്നിടത്ത് റോഡ് ഗതാഗത യോഗ്യമാക്കാനും ആര്‍മി ടീം സജീവമായിരുന്നു. ജില്ലയിലെ മഴക്ക് ശമനമായതോടെയാണ് ഇവര്‍ വിശ്രമിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഡോ. വൈദേഹിയുടെ നേതൃത്വത്തിലുള്ള ഏഴംഗ ആര്‍മി മെഡിക്കല്‍ സംഘവും മലപ്പുറം ജില്ലയില്‍ സേവനം ചെയ്തു വരുന്നുണ്ട്. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതോടൊപ്പം ഒഡീഷയിലെ നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 67 അംഗ സംഘം, പൂനെയിലെ കോളെജ് മിലിട്ടറി എഞ്ചിനീയറിംഗ്, ഭാപ്പാലിലെ 115 റെജിമെന്റ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് എന്നിവരുടെ സേവനവും ജില്ലയിലെ ദുരന്തമുഖത്ത് ലഭ്യമായിരുന്നു.

 

date