Skip to main content

എലിപ്പനിക്കെതിരെ ജാഗ്രത വേണം : ഡി.എം.ഒ

 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.എ.എല്‍ ഷീജ അറിയിച്ചു. രോഗബാധയുള്ള എലികള്‍, കന്നുകാലികള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ എന്നിവയുടെ മൂത്രത്തിലൂടെ എലിപ്പനി രോഗാണു വെള്ളത്തില്‍ കലരാനുള്ള സാധ്യത ഏറെയാണ്. ഈ വെള്ളത്തില്‍ ഇറങ്ങി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ശരീരത്തിലെ സൂക്ഷ്മ മുറിവുകളില്‍ കൂടി രോഗാണു ശരീരത്തിലെത്തി എലിപ്പനിയുണ്ടാക്കുന്നു. മുറിവ് ഉണ്ടായില്ലെങ്കില്‍ത്തന്നെ കാല്‍വിരലുകള്‍ക്കിടയിലെ കട്ടിയില്ലാത്ത തൊലി, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലെ നേര്‍ത്ത തൊലി എന്നിവിടങ്ങളില്‍ കൂടി രോഗാണുവിന് ഉള്ളില്‍ കടക്കാന്‍ സാധിക്കും. വെള്ളത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും എലിപ്പനി പ്രതിരോധത്തിനായി ഒരു ഡോസ് ഡോക്‌സീസൈക്ലീന്‍ ഗുളിക കഴിക്കേണ്ടതാണ്. ഈ ഗുളിക എല്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും സൗജന്യമായി ലഭിക്കും. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന പ്രവര്‍ത്തനം നടത്തിയിട്ടുള്ളവര്‍ക്ക് പിന്നീട് പനി, ശരീരവേദന, തലവേദന, കണ്ണുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും ജലത്തിലിറങ്ങിയ വിവരങ്ങള്‍ ഡോക്ടറെ അറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.                   (പിഎന്‍പി 2366/18)

date