ഗോൾ പദ്ധതി പരിശീലകർക്കു പരിശീലന പരിപാടി സംഘടിപ്പിച്ചു
കോട്ടയം: ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഗോൾ' ഫുട്ബോൾ പദ്ധതിയുടെ പരിശീലകർക്കുള്ള പരിശീലന പരിപാടി കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള മുൻകാല ഫുട്ബോൾ താരങ്ങളായ 57 പേർക്കാണ് പരിശീലനം നൽകിയത്. രണ്ടാം ഘട്ട പരിശീലനമാണ് നടന്നത്. ആദ്യഘട്ടം ജൂലൈയിൽ പൂർത്തിയാക്കിയിരുന്നു.
രാവിലെ തിയറി ക്ലാസും ഉച്ചയ്ക്ക് ശേഷം ഇതിന്റെ പരിശീലന പരിപാടിയും നടന്നു.
മലപ്പുറം ജില്ലയിലെ പരിശീലന പരിപാടി കൂടി പൂർത്തിയാക്കുന്നതോടെ ഓഗസ്റ്റ് അവസാനം കുട്ടികളെ സെലക്ട് ചെയ്യുന്ന ഘട്ടത്തിലേക്ക് കടക്കുമെന്നും സെപ്റ്റംബറിൽ ഗോൾ പദ്ധതി തുടങ്ങുമെന്നും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പറഞ്ഞു.
കുട്ടികൾക്കു ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണു ഗോൾ പദ്ധതി ആരംഭിച്ചത്. അഞ്ച് വർഷംകൊണ്ട് അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ടത്തിൽ, വിദഗ്ധ പരിശീലനത്തിന് 140 നിയോജകമണ്ഡലങ്ങളിൽ ഓരോ കേന്ദ്രം വീതം ആരംഭിച്ചു. പത്തിനും 12 വയസിനും ഇടയിൽ പ്രായമുള്ള തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നൽകും.
പരിശീലന ഉപകരണങ്ങൾ, രണ്ട് വീതം പരിശീലകർ, സ്പോർട്സ് കിറ്റ് എന്നിവ ലഭ്യമാക്കും. പഠനസമയത്തെ ബാധിക്കാത്ത രീതിയിൽ ആഴ്ചയിൽ ഒന്നര മണിക്കൂർ വീതമുളള രണ്ട് സെഷനായാണ് പരിശീലനം. ഓരോ മേഖലയിലും ലഭ്യമായ ഏറ്റവും മികച്ച പരിശീലകനെയാണ് ഗോൾ പദ്ധതിക്കായി നിയമിക്കുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലും മുൻകാല സന്തോഷ് ട്രോഫി താരങ്ങളുടെ മേൽനോട്ടവും പരിശീലന പിന്തുണയും ഉറപ്പാക്കും. തീവ്ര പരിശീലന പദ്ധതിയിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് ഉന്നത പരിശീലനവും കൂടുതൽ മികച്ച മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും നൽകും. സ്പോർട്സ് കേരള ഫൗണ്ടേഷനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ഏഷ്യ ഫുട്ബോൾ ഫെഡറേഷൻ ബി ലൈസൻസ് ഹോൾഡർ ഷിനോജ് മഠത്തിൽ ക്ലാസ് എടുത്തു. ഗോൾ പദ്ധതി കോ-ഓർഡിനേറ്റർ മുഹമ്മദ് ജാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, എന്നിവർ പങ്കെടുത്തു.
- Log in to post comments