ഭിന്നശേഷിക്കാർക്കുള്ള സൗജന്യ ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ നടന്ന ചടങ്ങിൽ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി മാധവൻ അധ്യക്ഷത വഹിച്ചു.
2023 മാർച്ച് 21 മുതൽ 27 വരെ നടന്ന നിർണ്ണയ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 821 പേർക്കായി 64,55,694 രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ട്രൈസിക്കിൾ, ക്രച്ചസ്, വാക്കിങ് സ്റ്റിക്കുകൾ, റൊളേറ്റർ, ശ്രവണ സഹായികൾ, സ്മാർട്ട്ഫോൺ , ബ്രെയിലി കിറ്റുകൾ, വീൽ ചെയറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ ബാംഗ്ലൂർ ആണ് ഉപകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാർ ഏജൻസിയായ തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് സെന്റർ, സന്നദ്ധ സംഘടനയായ ക്യൂബ്സ് എജു-കെയർ ഫൗണ്ടേഷൻ, ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ എം എൽ എമാർ എന്നിവരുടെ സംയുക്ത സഹകണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുലിക്കുന്നിന്മൽ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, യു എൽ സി സി എസ് ഫൗണ്ടേഷൻ ഡയറക്ടർ, ഡോ എം കെ ജയരാജ്, അലിംകോ ബാംഗ്ലൂർ ഡെപ്യൂട്ടി മാനേജർ അശോക് കുമാർ പാൽ, ഡെപ്യൂട്ടി മാനേജർ - മാർക്കറ്റിംഗ് എ ശിവകുമാർ, ക്യൂബ്സ് എജു-കെയർ ഫൗണ്ടേഷൻ ട്രസ്റ്റിമാരായ അനൂപ് സദൻ, സാനു സുഗതൻ എന്നിവർ സംസാരിച്ചു.
- Log in to post comments