Skip to main content

ദുരിതബാധിതര്‍ക്കുളള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു

 

കൊച്ചി: മൂവാറ്റുപുഴയില്‍ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്കുള്ള ഭക്ഷ്യ ധാന്യകിറ്റുകളുടെ വിതരണത്തിന് തുടക്കമായി. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്.

ഇതുവരെ 8257 കിറ്റുകള്‍ തയാറായി. ഇതില്‍ 4454 കിറ്റുകള്‍ വിതരണം ചെയ്തു. 40,000 കിലോഗ്രാം അരിയും 8000 കിലോഗ്രാം പഞ്ചസാരയും 4000 കിലോഗ്രാം വീതം തേയിലയും പയറും വെളിച്ചെണ്ണയുമാണ് കിറ്റിനായി ഇതുവരെ ശേഖരിച്ചത്. ഒരു കിറ്റില്‍ അഞ്ച് കിലോഗ്രാം അരി, ഒരു കിലോഗ്രാം പഞ്ചസാര, അര കിലോഗ്രാം വീതം തേയില, പയര്‍, വെളിച്ചെണ്ണ എന്നിവയാണ് നല്‍കുന്നത്.

നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യ ധാന്യ കിറ്റ് നല്‍കും. മൂവാറ്റുപുഴ നഗരസഭ, മാറാടി, വാളകം, പായിപ്ര , പൈങ്ങോട്ടൂര്‍, ആരക്കുഴ, ആവോലി, ആയവന പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന 12,000 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ബാക്കി കിറ്റുകള്‍ തയ്യാറാക്കാനായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടേയും സഹായം തേടുകയാണ്. പലരും ഇതിനായി മുന്നോട്ട് വരുന്നുണ്ട്. വാളകം, മാറാടി പെരുമറ്റം, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിലാണ് ഇതുവരെ കിറ്റ് വിതരണം നടത്തിയത്. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീട്ടിലെത്തുമ്പോള്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണ്. ദിവങ്ങളോളം ജോലിക്കും പോകാന്‍ കഴിഞ്ഞിട്ടില്ല. വീട് വൃത്തിയാക്കി താമസം തുടങ്ങുമ്പോള്‍ ആവശ്യമായ സാധനങ്ങളാണ് കിറ്റ് വഴി നല്‍കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.  കിറ്റുകള്‍ തയാറാക്കാനുള്ള താമസം വിതരണത്തെ ബാധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കിറ്റ് കിട്ടാത്തവര്‍ക്ക് നല്‍കുന്നതിനായി അതാത് വാര്‍ഡ് മെമ്പര്‍മാരെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുടവൂര്‍, പുന്നമറ്റം, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, ആരക്കുഴ, ആവോലി, മാഞ്ഞളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലായി ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്യും.

ഭക്ഷ്യ ധാന്യങ്ങളുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ നഗരസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍, വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ. സഹീര്‍, ഉമാമത്ത് സലീം, സി.എം.സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുള്‍ സലാം, സി.എം.ഷുക്കൂര്‍, കെ.ബി.ബിനീഷ് കുമാര്‍, പി.എസ്.വിജയകുമാര്‍, പി.പ്രേംചന്ദ്, കെ.ജെ.സേവ്യര്‍, വിവിധ കക്ഷി നേതാക്കളായ സജി ജോര്‍ജ്, കെ.എ. നവാസ്, വി.കെ.മണി എന്നിവര്‍ പങ്കെടുത്തു

date