Skip to main content

ഇനി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന: മന്ത്രി എ.സി മൊയ്തീന്‍

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു ജനങ്ങള്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ മുന്‍ഗണനല്‍കണമെന്നു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ക്യാമ്പുകളില്‍ തുടരുന്നവര്‍ക്കു സ്‌കൂളുകള്‍ തുറക്കുമ്പോള്‍ താമസയോഗ്യമായ മറ്റുസ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കണ്ടെത്തണം. മാലിന്യസംസ്‌ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഞ്ചായത്തുകളുമായി ചേര്‍ന്നുകൊണ്ടു നിര്‍വഹിക്കണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. 
കണയന്നൂര്‍ താലൂക്കില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
വീടുകളിലേക്കു മടങ്ങിയവര്‍ക്ക് അഞ്ചുകിലോ അരി ഉള്‍പ്പെടെ അവശ്യസാധങ്ങളടങ്ങിയ ഒരു ലക്ഷത്തോളം കിറ്റുകള്‍ ജില്ലയില്‍ വിതരണം ചെയ്യും. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, വസ്ത്രാവശിഷ്ടങ്ങള്‍, വീടുകളില്‍ നിന്നു നീക്കംചെയ്യുന്ന മാലിന്യങ്ങള്‍ തുടങ്ങിയ അടിയന്തരമായി ശാസ്ത്രീയമായി സംസ്‌ക്കരിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ പോലുള്ളവ ലഭ്യമല്ലെങ്കില്‍ പഞ്ചായത്തുകള്‍ വില കൊടുത്തുവാങ്ങണം. അടിയന്തസാഹചര്യം കണക്കിലെടുത്തു സ്വന്തം ഫണ്ടില്‍ നിന്നോ ദീര്‍ഘകാല പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ള ഫണ്ടില്‍ നിന്നോ തുക ചിലവഴിക്കാം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉപയോഗപ്പെടുത്താം. 
ഇ-വേസ്റ്റ്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അതാതു പഞ്ചായത്തുകളില്‍ പ്രത്യേകമായി ശേഖരിച്ചുവയ്ക്കണം. ശുചിത്വമിഷന്‍ ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നവര്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കുകയാണെങ്കില്‍ ഉപകാരപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. 
ജനങ്ങള്‍ വീടുകളിലേക്കു തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളം അടിയന്തരമായി ടാങ്കര്‍ ലോറികള്‍, ചെറുവണ്ടികളില്‍ എത്തിക്കണം. പഞ്ചായത്തുകളുടെ സഹകരണത്തോടെയാകണം വാട്ടര്‍ അതോറിട്ടി ഇതു ചെയ്യേണ്ടത്. ആവശ്യമായ വാഹനങ്ങള്‍ ലഭ്യമല്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് ലഭ്യമാക്കണം. ഒറ്റപ്പെട്ടുപോയ ചെറിയ കടമക്കുടി, പിഴല ദ്വീപുകളില്‍ ബോട്ടുകളില്‍ കുടിവെള്ളം എത്തിക്കും. ക്യാമ്പുകളില്‍ മെഡിക്കല്‍ വിഭാഗം ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്നുണ്ട്. നിലവില്‍ രണ്ടുക്യാമ്പുകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഇവരെ പ്രത്യേക ക്യാമ്പുകളിലേക്കു മാറ്റി. ക്യാമ്പിലുള്ളവര്‍ക്കു പ്രതിരോധമരുന്നും വിതരണംചെയ്യും. പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകാത്തവര്‍ക്കു ആരോഗ്യവകുപ്പിന്റെയും മറ്റു സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ കൗണ്‍സിംഗ് നല്‍കും. നിലവില്‍ ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ സ്റ്റാഫിന്റെ കുറവുണ്ടെങ്കില്‍ അടിയന്തരമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയോഗിക്കാം. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കോമണ്‍ ഫോറം തയ്യാറാക്കുന്നുണ്ട്. നിലവില്‍ ജനജീവിതം സാധാരണനിലയിലാക്കുന്ന പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്.
ഈ അടിയന്തരസാഹചര്യത്തില്‍ ഓണംപോലും മാറ്റിവച്ച് സര്‍ക്കാര്‍ ജീവനക്കാരും സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും ചെയ്യുന്ന സേവനം അഭിനന്ദനാര്‍ഹമാണെന്നും അതിനിയും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 
യോഗത്തില്‍ എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സ്വരാജ്, എസ്.ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, കൗണ്‍സിലര്‍ എ.ബി സാബു, ആര്‍ഡിഒ:എസ്.ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനില്‍ ലാല്‍, കണയന്നൂര്‍ തഹസില്‍ദാര്‍ എന്‍.ആര്‍ വൃന്ദദേവി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date