ജില്ലയിൽ പഞ്ചായത്ത് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കൊച്ചി: ശക്തമായ പേമാരിയിലും പ്രളയത്തിലും താമസ യോഗ്യമല്ലാതായ വീടുകൾ, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവ ഉപയോഗയോഗ്യമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ സർക്കാരിനെയും തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ചു. ജില്ലയിൽ പഞ്ചായത്ത് വകുപ്പിൻറെ കീഴിൽ വരുന്ന 82 ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.പ്രളയബാധിത പ്രദേശം കൂടുതൽ ബാധിച്ച പഞ്ചായത്തുകളെ കൂടുതൽ ബാധിക്കാത്ത പഞ്ചായത്തുകളിൽ നിന്നും പ്രസിഡന്റ് / സെക്രട്ടറിമാരുടെ നേതൃത്വത്തിൽ 25 മുതൽ 150 വരെയുള്ള സന്നദ്ധ സംഘങ്ങൾ രൂപീകരിച്ചാണ്ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതെന്ന് റിക്കവറി മിഷൻ എറണാകുളം ഡി ഡി പി ഓഫിസിലെ നോഡൽ ഓഫിസർ ടിമ്പിൾ മാഗി അറിയിച്ചു.
ഇതിന്റെ ഭാഗമായി ഡി ഡി പി യുടെ കീഴിൽ ആറ് പെർഫോമൻസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യുന്നതിന് ജില്ലയിൽ നിയമിക്കുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിൽ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച പഞ്ചായത്തുകളെ തരംതിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എറണാകുളം ജില്ലയിൽ ചേരാനല്ലൂർ, കടമക്കുടി, ആലങ്ങാട്, ചേന്ദമംഗലം, ചിറ്റാറ്റുകര, കടുങ്ങല്ലൂർ, കരുമാല്ലൂർ, വടക്കേക്കര, വരാപ്പുഴ, ചെങ്ങമനാട്, കാലടി, കുന്നുകര, മല നീലേശ്വരം, കാഞ്ഞൂർ, നെടുമ്പാശ്ശേരി, പാറക്കടവ്, പുത്തൻവേലിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ, കൂവപ്പടി, വളവനാട്, മുടക്കുഴ, ഒക്കൽ, വേങ്ങൂർ, ചൂർണ്ണിക്കര, കീഴ്മാട്, പൂത്തൃക്ക, വാളകം, ആരക്കുഴ, ആവോലി, പായിപ്ര, രാമമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പ്രളയം ഏറ്റവുമധികം ദുരിതത്തിലാക്കിയത്.
മണീട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രളയബാധിത മായ മുഴുവൻ വീടുകളും പഞ്ചായത്തിലെ വാർഡ് മെമ്പർമ്മാരുടെയും സന്നദ്ധപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ പത്ത് വീടുകൾ മാത്രമാണ് പ്രളയബാധിതമായത്. മുളവുകാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഇരുന്നൂറോളം വീടുകൾ 8 സ്ക്വാഡുകളിലായി തിരിഞ്ഞു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 2640 വീടുകളും പ്രളയബാധിത മായിരുന്നു. ഇവിടുത്തെ 1113 വീടുകളിൽ ശുചീകരണപ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടം കഴിഞ്ഞു. കടമക്കുടി ഗ്രാമപഞ്ചായത്തിൽ പ്രണയ ബാധിതമായ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഹരിതകേരള മിഷന്റെ 28 വോളണ്ടിനെറിയേഴ്സിന്റെ സഹകരണത്തോടെയാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിവരുന്നത്. കൂടാതെ കരുമാലൂർ, ചിറ്റാറ്റുകര, ചേന്നമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഓഫീസുകളിൽ ഫയലുകളും മറ്റും ഉണക്കി ഉപയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പള്ളിപ്പുറം, ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട്, ഏഴിക്കര, കുഴുപ്പിള്ളി, കോട്ടുവള്ളി, ആലങ്ങാട് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ സന്നദ്ധ സേന രൂപീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കടുങ്ങല്ലൂരിൽ കണ്ണൂരിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സന്നദ്ധ സേന അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വരാപ്പുഴയിൽ അഡ്വക്കേറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ഒരു വാർഡിലെ ശുചീകരണപ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടം പൂർത്തിയാക്കി. കൂടാതെ മുളവുകാട് നിന്നുള്ള സന്നദ്ധ സേന അംഗങ്ങളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാണ്.
കുന്നുകര പഞ്ചായത്തിലെ പ്രളയബാധിതമായ 300 വീടുകളും കാഞ്ഞൂരിൽ 1150 വീടുകളും ശ്രീമൂല നഗരത്തിൽ 640 വീടുകളിലെയും ശുചീകരണപ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടം കഴിഞ്ഞു. ഒപ്പം തുറവൂരിൽ 30 വീടുകളും പാറക്കടവിൽ 1200 വീടുകളും മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത് 2000 വീടുകളും നെടുമ്പാശ്ശേരിയിൽ 200 വീടുകളും ചെങ്ങമനാട് 340 വീടുകളും മുക്കന്നൂരിൽ 44 വീടുകളും മഞ്ഞപ്രയിൽ 484 വീടുകളും അയ്യമ്പുഴയിൽ 40 വീടുകളും കാലടിയിൽ 311 വീടുകളും പുത്തൻവേലിക്കരയിൽ 200 വീടുകളും കറുകുറ്റിയിൽ 80 വീടുകളിലെയും പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
പിണ്ടിമന പഞ്ചായത്തിൽ പ്രളയബാധിതമായ ഒരു വാർഡിലെ 53 വീടുകളിലെയും കുട്ടമ്പുഴയിലെ 13 വാർഡുകളിലെ 218 വീടുകളിൽ 111 വീടുകളിലെയും കോട്ടപ്പടിയിൽ രണ്ടു വാർഡുകളിലെ 17 വീടുകളിലേയും പോത്തനിക്കാട് ആറു വാർഡുകളിലെ 72 വീടുകളിലെയും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പൈങ്ങോട്ടൂരിൽ ഏഴു വാർഡിലെ 82 വീടുകളിൽ 74 വീടുകളിലെ ശുചീകരണപ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടം കഴിഞ്ഞു. കൂവപ്പടിയിൽ 17 വാർഡുകളിലെ 2811 വീടുകളിൽ 104 വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയിരിക്കുന്നത്. മുടക്കുഴയിൽ ഏഴു വാർഡുകളിലെ അഞ്ഞൂറോളം വീടുകളിൽ 250 വീടുകളിലെയും ഒക്കലിൽ 16 വാർഡുകളിലെ 500 വീടുകളിൽ 45% വീടുകളിലെയും വാരപ്പെട്ടി പത്ത് വാർഡുകളിലെ 237 വീടുകളിൽ 134 വീടുകളിലെയും വേങ്ങൂരിൽ 7 വാർഡുകളിലെ 275 വീടുകളിലെയും കീരംപാറയിൽ 4 വാർഡുകളിലെ 157 വീടുകളിലെയും നെല്ലിക്കുഴിയിൽ 4 വാർഡുകളിലെ 128 വീടുകളിലെയും ശുചീകരണ പ്രവർത്തനങ്ങളും മറ്റു കെട്ടിടങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.
കീഴ്മാട്, വാഴക്കുളം, ചൂർണ്ണിക്കര, പൂത്തൃക്ക, വാളകം എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പായിപ്രയിൽ പ്രളയബാധിതമായ മുഴുവൻ വീടുകളും ആവോലിയിൽ 452 വീടുകളിൽ 316 വീടുകളിലെയും ആരക്കുഴ, രാമമംഗലം എന്നിവിടങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.
ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ, ഉദയംപേരൂർ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, അശമന്നൂർ, പല്ലാരിമംഗലം, ഐക്കരനാട്, എടത്തല, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ, രായമംഗലം, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വെങ്ങോല, ആയവന, ഇലഞ്ഞി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി പാലക്കുഴ, പാമ്പാക്കുട, തിരുമാറാടി എന്നീ ഗ്രാമപഞ്ചായത്തുകൾ 'കാര്യമായപ്രളയബാധിത പ്രദേശങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓരോ പഞ്ചായത്തിലെയും വാർഡ് മെമ്പർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും തൊഴിലുറപ്പു പ്രവർത്തകരുടെയും, എൻ.എസ്.എസ്, എൻ.സി.സി വോളണ്ടറിയന്മാരുടെയും സഹായത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഒന്നാംഘട്ടം ശുചീകരണം മാത്രമാണ് നടത്തിയിരിക്കുന്നത്. പല ഘട്ടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ഉപയോഗയോഗ്യമാവുകയുള്ളൂ. അതിനാൽ കൂടുതൽ വോളണ്ടിയേഴ്സ്നെയും സന്നദ്ധ സംഘടനകളേയും ശുചീകരണ പ്രവർത്തനത്തിലേക്ക് ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9497346416, 9744573967, 9188024099.
- Log in to post comments