Skip to main content
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബഡ്സ് ഡേ 'വര്‍ണം 2023' ന്റെ ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു.

ഭിന്നശേഷിക്കാരായ മനുഷ്യര്‍ സമൂഹത്തില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

ഭിന്നശേഷിക്കാരായ മനുഷ്യര്‍ സമൂഹത്തില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നവരാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബഡ്സ് ഡേ 'വര്‍ണം 2023' ന്റെ ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദത്തമായി ഉണ്ടാവുന്ന സവിശേഷമായ സാഹചര്യം ആണിതെന്നും ഇവരെ പരിചരിക്കേണ്ടത് സമൂഹത്തിന്റെയും, സര്‍ക്കാരിന്റെയും രാജ്യത്തിന്റെ തന്നെയും ചുമതല ആണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ബഡ്സിന്റെ പ്രവര്‍ത്തനം കുടുംബശ്രീയുടെ നേതൃത്വത്തിലും, പൊതുവിദ്യാഭാസ വകുപ്പിന്റെയും എസ്എസ്ടിയുടെയും നേതൃത്വത്തിലും, ചില ഇടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടലോടെയും നടന്ന് വരുന്നു. ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളും സ്ഥാപനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. 'ഭിന്നശേഷി'ക്കാര്‍ എന്ന പേര് പോലും സര്‍ക്കാര്‍ നല്‍കിയത് ഇവര്‍ പ്രത്യേക ശേഷികള്‍ ഉള്ളവരാണ് എന്ന തിരിച്ചറിവ് ഉള്ളതിനാലാണ്. ശാരീരിക, മാനസിക ന്യൂനതകള്‍ ഉള്ളവരെ പരിഹസിച്ചിരുന്നു ഒരു സമൂഹം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ നിന്ന് ഇന്നത്തെ ജനത ഏറെ മാറിയിരിക്കുന്നു. ഏറെ പരിഗണന അര്‍ഹിക്കുന്ന കൂട്ടരാണ് ഇവരെന്ന തിരിച്ചറിവ് സമൂഹത്തിനും സര്‍ക്കാരിനും ഇന്നുണ്ട്. ശേഷി പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭ്യമാകുമ്പോള്‍ ഫലപ്രദമായി ഇവര്‍ വിനിയോഗിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ബഡ്സ് സ്‌കൂളുകളേയും റീഹാബിലിറ്റേഷന്‍ സെന്ററുകളേയും കൂടുതല്‍ ജനകീയമാക്കാനുള്ള ഇടപെടലുകളാണ് ജില്ലയിലൊട്ടാകെ നടക്കുന്നതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മാതൃകാപരമായ, ചിട്ടയായ പ്രവര്‍ത്തങ്ങള്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. സര്‍ഗാത്മകവും വ്യത്യസ്തവുമായ കഴിവുകള്‍ ഉള്ളവരാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ കുട്ടികള്‍ എന്നതിന് തെളിവാണ് ഇവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍. പാഴ്വസ്തുക്കളായി വലിച്ചെറിയപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് പോലും മനോഹരമായ കലാസൃഷ്ടികള്‍ സൃഷ്ടിക്കുന്ന ഇക്കൂട്ടര്‍, 'വേസ്റ്റ്' 'വെല്‍ത്ത്' ആണെന്ന സന്ദേശം കൂടി ഈ സംരംഭത്തിലൂടെ സമൂഹത്തിന് നല്‍കുന്നുണ്ട്. ഈ സന്ദേശം സമൂഹം പിന്തുടരാന്‍ തയാറായാല്‍ നിരത്തുകള്‍ മാലിന്യമുക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പമായിരിക്കുമ്പോള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളെയും അവര്‍ക്ക് ലഭിക്കാവുന്ന അവസരങ്ങളെയും തടഞ്ഞു വക്കുന്നത് പതിവാണ്. അതില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ അവരുടെ സ്വാഭാവികവും ജൈവികവുമായ സവിശേഷതകള്‍ക്ക് ചിറകുകള്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബഡ്സ് സ്‌കൂളുകളില്‍ നടക്കുന്നതെന്ന് പ്രഭാഷണത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കഴിവുകള്‍ ഇല്ലാതെ ഒരു കുഞ്ഞുങ്ങളും ജനിക്കുന്നില്ല. കുട്ടികളുടെ വ്യത്യസ്തമായ വാസനകള്‍ തിരിച്ചറിഞ്ഞ്, അവയെ പരിപോഷിപ്പിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ബഡ്സ് സ്‌കൂളുകളുടെയും റീഹാബിലിറ്റേഷന്‍ സെന്ററുകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും അവിടുത്തെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പറ്റി പ്രതിപാദിക്കുന്ന, കുടുംബശ്രീ ജില്ലാ മിഷന്‍ തയാറാക്കിയ ഡോക്യൂമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മവും കളക്ടര്‍ നിര്‍വഹിച്ചു.
റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ ഗായിക ദേവനന്ദ രാജീവ് സംഗീതം ആലപിച്ചു. ഭിന്നശേഷി കുട്ടികളുടെ ഹോം തെറാപ്പി എന്ന വിഷയത്തില്‍ കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളജ് കണ്‍സല്‍ട്ടന്റ് റീഹാബിലിറ്റേഷന്‍ സ്പെഷ്യലിസ്റ്റ് ഡോ. ആര്‍.ജെ ധനേഷ് കുമാര്‍ ക്ലാസ് നയിച്ചു. പ്രശസ്ത മജീഷ്യന്‍ രമ ജീവന്‍ നയിച്ച മാജിക് ഷോയും കയ്യടി നേടി. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക വേണു, നഗരസഭാ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, കുടുംബശ്രീ ജില്ലാ മിഷന്‍ എഡിഎംസിമാരായ ബിന്ദു രേഖ, ഇന്ദു ടി, ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   (പിഎന്‍പി 2920/23)

 

date