Skip to main content

ദുരിതബാധിത മേഖലയിൽ കൗൺസിലിങ്ങു മായി സാമൂഹ്യ നീതി വകുപ്പ്

കൊച്ചി: പ്രളയത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾ നേരിടുന്നതിന് മാനസികമായ ധൈര്യവും ആത്മവിശ്വാസവും ദുരിതബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 
കൗൺസിലിങ്ങ് സംവിധാനമൊരുക്കി  ജില്ലാ സാമൂഹിക നീതി വകുപ്പ്. വെള്ളം ഇറങ്ങിയതുമൂലം വീടുകളിലേക്ക് തിരിച്ചു പോകുന്ന ആളുകൾക്ക് സംഭവിച്ച നഷ്ടങ്ങളെ മാനസികമായി നേരിടാൻ ആവശ്യമായ കൗൺസിലിങ്ങാണ് സ്കൂൾ കൗൺസിലർമാർ, ഒബിസി കൗൺസിലർമാർ, സൂപ്പർവൈസർമാർ എന്നിവർ മുഖേന വകുപ്പ് നൽകുന്നത്. 

ഇതിൻറെ ഭാഗമായി 164 ടീമുകൾ അടങ്ങുന്ന സംഘം പ്രളയബാധിത പ്രദേശങ്ങളിലെ അഞ്ഞൂറോളം ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ കൗൺസിലിങ്ങ് നൽകി. കൂടാതെ ദുരിതമനുഭവിക്കുന്നവരുടെ വീടുകൾ സന്ദർശിക്കുകയും വീടുകൾ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട ശുചീകരണ നടപടികളെക്കുറിച്ച് ബോധവൽക്കരണവും സാമൂഹികനീതി വകുപ്പിന് കീഴിൽ നടന്നുവരുന്നു. വിവിധ സംഘങ്ങൾ അടങ്ങുന്ന ടീം ഇതിനോടകം ആയിരത്തിലേറെ വീടുകൾ സന്ദർശിക്കുകയും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് പ്രശ്നങ്ങളെ നേരിടാനുള്ള കൗൺസിലിംഗ് നൽകുകയും ചെയ്തു.

പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, വികലാംഗർ എന്നിങ്ങനെ തരംതിരിച്ചാണ് ഓരോ വിഭാഗത്തിനും  കൗൺസിലിങ്ങ്‌ നൽകുന്നത്. നിരാശ, ആത്മഹത്യാപ്രവണത, മാനസിക പ്രശ്നങ്ങൾ,  പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടൽ, ആകാംക്ഷ, വിഷാദം എന്നിങ്ങനെ വിവിധയിനം പ്രശ്നങ്ങളാണ് ക്യാമ്പുകളിലും വീടുകളിലും താമസിക്കുന്നവരിൽ   കണ്ടെത്തിയത്. 2644 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ സ്റ്റേഷൻ ട്രീറ്റ്മെൻറ് ആവശ്യമായ കേസുകൾ അതത് ഡിപ്പാർട്ട്മെന്റിലേക്കും കൈമാറിയിട്ടുണ്ട്. 429 കേസുകളാണ് സൈക്കോ സോഷ്യൽ തെറാപ്പി ആവശ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കൗൺസിലിംഗ് കൂടാതെ ക്യാമ്പുകളിലേക്ക്   അവശ്യസാധനങ്ങളുടെ വിതരണവും സാമൂഹികനീതി വകുപ്പിന് കീഴിൽ നടത്തുന്നുണ്ട്. ശിശുക്കൾക്ക് ആവശ്യമായ ടി എച്ച്‌ ആർ അമൃതംപൊടി എല്ലാ ക്യാമ്പുകളിലും ആവശ്യാനുസരണം എത്തിച്ചു. കൂടാതെ അങ്കണവാടിയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ, കാലാവധി തീരാത്ത  മരുന്നുകൾ എന്നിവ ദുരിതാശ്വാസക്യാമ്പുകളിലെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്തിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ ആളുകൾ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നതുവരെ കൗൺസിലും പരിപാടികളും ബോധവൽക്കരണ പരിപാടികളും സാമൂഹികനീതി വകുപ്പിന് കീഴിൽ തുടരും.

date