പഞ്ചായത്ത് ഓഫീസുകള്‍ പ്രവര്‍ത്തനസജ്ജമാക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍
പറവൂര്‍: മഴക്കെടുതിയില്‍ വെള്ളത്തിലായ ഏഴ് പഞ്ചായത്ത് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാക്കി ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പഞ്ചായത്ത് ഓഫീസ്, കൃഷിഭവന് എന്നിവിടങ്ങളിലെ ഫയലുകളും കമ്പ്യൂട്ടറുകളും ഫര്‍ണീച്ചറുകളും എല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടിരുന്നു. ചേരാനല്ലൂര്‍, വടക്കേക്കര, ചേന്ദമംഗലം, കരുമാല്ലൂര്‍, ചിറ്റാറ്റുകര, പുത്തന്‍വേലിക്കര, ആരക്കുഴ എന്നീ പഞ്ചായത്ത് ഓഫീസുകളാണ് വെള്ളത്തിലായത്. രണ്ട് ഘട്ടങ്ങളിലായി ഇവിടങ്ങളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ചൊവ്വാഴ്ച ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് നോഡല്‍ ഓഫീസര്‍ ടിമ്പിള്‍ മാഗി അറിയിച്ചു. വെള്ളം കയറി നശിച്ച ഉപകരണങ്ങളും ഫയലുകളുമെല്ലാം ഓഫീസുകള്‍ക്ക് പുറത്ത് കിടക്കുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഇവയെല്ലാം ഓഫീസ് പരിസരങ്ങളില്‍ നിന്നും നീക്കം ചെയ്തു. ഓഫീസിനകത്തും ഭിത്തികളിലുമുള്ള ചെളിയും ഇതോടൊപ്പം നീക്കം ചെയതു.
രണ്ടാം ഘട്ടമായി കേടായ കമ്പ്യൂട്ടറുകളുടേയും ഫയലുകളുടേയും ശുചീകരണം ആയിരുന്നു. ഇത്തരം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണോ അല്ലയോ എന്ന് പരിശോധിക്കാനായി ജില്ലാ തലത്തില്‍ പഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ ഒരു സംഘത്തെ നിയോഗിച്ചു. അഞ്ച് പേരടങ്ങിയ ഈ സംഘം പഞ്ചായത്തുകളില്‍ എത്തി കമ്പ്യൂട്ടറുകളുടെ സ്ഥിതിഗതികള്‍ പരിശോധിക്കും. ആനുവല്‍ മെയിന്റനന്‍സ് കോസ്റ്റ് (എ.എം.സി) ഉള്ള കമ്പ്യൂട്ടറുകള്‍ റിപ്പയര്‍ ചെയ്ത് നല്‍കും. പൂര്‍ണമായും പ്രവര്‍ത്തന രഹിതമായവയ്ക്ക് പകരമായി പുതിയ കമ്പ്യൂട്ടറുകള്‍ നല്‍കും. പറവൂര്‍ താലൂക്കിലെ വടക്കേക്കര പഞ്ചായത്ത് ഓഫീസിലാണ് ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കൂടാതെ കോട്ടുവള്ളിക്കാട് ശ്രീ നാരായണ ഗവ. എല്‍.പി സ്കൂള്‍, ഗവ. മുഹമ്മദന്‍ എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലും ശുചീകരണം നടന്നു. രണ്ട് സ്കൂളുകളുടേയും മതിലുകള്‍ തകര്‍ന്ന് ദേശീയ പാതയിലേക്ക് വീണു കിടക്കുകയായിരുന്നു. ശുചീകരണത്തോടൊപ്പം ഇവയും നീക്കം ചെയ്തു.
കൊച്ചി തുറമുഖ തൊഴിലാളി യൂണിയനിലെ 200 പേരെത്തിയാണ് വടക്കേക്കരയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അവര്‍ക്ക് ആവശ്യമായ ഗതാഗത സംവിധാനം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിന്റെ സഹായത്തോടെ മോട്ടോര്‍ വാഹന വകുപ്പ് ലഭ്യമാക്കി. അവര്‍ക്കായി അനുവദിച്ച ബസിന് ഇന്ധനവും നല്കി. പഞ്ചായത്തിന്റെ വക ഭക്ഷണവും ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ്, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ എന്നിവരും ചേര്‍ന്നു. ഇരുന്നൂറ്റി അന്‍പതോളം വരുന്ന കസേരകളും പത്തോളം മേശകളും ഇവര്‍ വൃത്തിയാക്കി. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ ഒരു സംഘം തുരുത്തിപ്പുറം ശ്രീ നാരായണ എല്‍ .പി സ്കൂള്‍ വൃത്തിയാക്കുകയും പെയ്ന്റിംഗ് നടത്തുകയും ചെയ്തു. പഞ്ചായത്തിലെ ഇ-വേസ്റ്റുകള്‍ ഈ മാസം അഞ്ചിന് പഞ്ചായത്തില്‍ എത്തുന്ന ജി.ജെ നേച്ചര്‍ കെയര്‍ എന്ന കമ്പനിയുടെ വാഹനങ്ങളില്‍ ശേഖരിക്കും. തുടര്‍ന്ന് അവ ഒരു പൊതു കേന്ദ്രത്തിലേക്ക് മാറ്റി ശാസ്ത്രീയമായ സംസ്കരണത്തിന് വിധേയമാക്കും. ശുചിത്വ മിഷന് പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തുന്ന ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായാണ് ഇ-വേസ്റ്റുകള്‍ ശേഖരിക്കുന്നത്.
- Log in to post comments