പമ്പയില്‍ വൈദ്യുതിയും കുടിവെള്ളവും 12ന് മുമ്പ് സജ്ജമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം
മാസപൂജയ്ക്കായി ശബരിമല നട ഈ മാസം 16ന് തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ താറുമാറായ വൈദ്യുതി സംവിധാനങ്ങളും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളും താത്ക്കാലികമായി 12ന് മുമ്പ് സജ്ജീകരിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. പമ്പ മരാമത്ത് കോംപ്ലക്സില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ഒരു ലക്ഷത്തിലധികം ആളുകള്‍ മാസപൂജയ്ക്ക് വരാറുണ്ട്. മാസപൂജ സമയത്ത് എത്തുന്നവര്‍ക്ക് ശബരിമലയിലേക്ക് കടന്നുപോകുന്നതിനുള്ള താത്ക്കാലിക സംവിധാനം ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പമ്പ മണല്‍പ്പുറത്തെ വൈദ്യുതി തൂണുകളും തെരുവുവിളക്കുകളും ഉള്‍പ്പെടെ എല്ലാം പ്രളയത്തില്‍ തകര്ന്നുപോയിട്ടുള്ളതിനാല് താത്ക്കാലികമായി വെളിച്ചം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടിവരും. വന്‍തോതില്‍ മണല്‍ അടിഞ്ഞിട്ടുള്ള സാഹചര്യത്തില്‍ ഇത് നീക്കം ചെയ്തുവേണം പോസ്റ്റുകള്‍ സ്ഥാപിക്കാന്‍. പമ്പയിലെ 150ഓളം വൈദ്യുതി പോസ്റ്റുകളാണ് തകരാറിലായത്. ഇവ പുനസ്ഥാപിക്കുന്നതിനുള്ള വൈദ്യുതി പോസ്റ്റുകള്‍ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ട്രാക്ടര്‍ കടന്നുപോകുന്നതിനുള്ള സംവിധാനം ആകുന്നതോടെ സന്നിധാനത്തേക്കുള്ള വൈദ്യുതി തൂണുകളും എത്തിച്ച് ഇവിടുത്തെ തകരാറും പരിഹരിക്കും. സന്നിധാനത്തെ വൈദ്യുതി ബന്ധം 12ഓടെ പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ കളക്ടറെ അറിയിച്ചു. ഇതിനായി നാല് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പമ്പ മണല്‍പ്പുറത്തെ തെരുവുവിളക്കുകള്‍ പൂര്‍ണമായും നശിച്ചുപോയതിനാല്‍ ഇവ ഉടനെ പുനസ്ഥാപിക്കാന്‍ കഴിയില്ല. ഏഴ് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും ആറ് കി.മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് തകരാറിലായിട്ടുള്ളത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള എല്ലാ സാധന സാമഗ്രികളും കെ.എസ്.ഇ.ബി പമ്പയില്‍ എത്തിച്ചിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. വെള്ളക്കെട്ട് മൂലം ഇവിടേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. നാളെയോടെ (അഞ്ച്) വൈദ്യുതി പുനസ്ഥാപിച്ച് എട്ടിന് മുമ്പ് പമ്പ് ഹൗസ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. പമ്പ് ഹൗസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്ത പക്ഷം കുടിവെള്ളവിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വാട്ടര്‍ അതോറിറ്റിക്കും കളക്ടര്‍ നിര്‍ദേശം നല്കി.
പ്ലാപ്പള്ളി മുതല്‍ പമ്പ വരെയുള്ള 11 സ്ഥലങ്ങളില്‍ പിഡബ്ല്യുഡി റോഡുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതില്‍ മൂന്ന് സ്ഥലങ്ങളില്‍ റോഡ് പകുതിയിലധികം തകര്‍ന്നിട്ടുണ്ട്. എട്ട് സ്ഥലങ്ങളില്‍ ചെറിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. റോഡിന് വലിയ തകര്‍ച്ച നേരിട്ട മൂന്ന് സ്ഥലങ്ങളിലെ പുനരുദ്ധാരണ പണികള്‍ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിലെ പുനരുദ്ധാരണം ഉടന്‍ ആരംഭിക്കും. 15ന് മുമ്പ് ഇരുവശത്തേക്കും കടന്നുപോകത്തക്കരീതിയില് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാസപൂജയ്ക്ക് മുമ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
പമ്പയിലെ ആശുപത്രിയുടെ ഒന്നാം നിലയുടെ പകുതിയോളം ചെളിയടിഞ്ഞ് പ്രവര്‍ത്തനക്ഷമമല്ലാതായ സാഹചര്യത്തില്‍ രണ്ടാം നിലയില്‍ ആശുപത്രി സംവിധാനം താത്ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
പമ്പയിലെ ടോയ്ലറ്റുകള് എല്ലാം തന്നെ നശിച്ചുപോയതിനാല്‍ തീര്‍ഥാടകര്‍ക്ക് പ്രാ ഥമികാവശ്യങ്ങള്ക്ക് താത്ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും ആരംഭിക്കാന്‍ നിര്‍ദേശം നല്കി.
യോഗത്തില്‍ റാന്നി തഹസീല്‍ദാര്‍ കെ.വി.രാധാകൃഷ്ണന് നായര്‍, വൈദ്യുതി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു. (പിഎന്‍പി 2683/18)
- Log in to post comments