Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാതല ധനസമാഹരണം നടത്തും

 

പ്രളയത്തിനിരയായവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാതലത്തില്‍ ധനസമാഹരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇതുസംബന്ധിച്ച് തീരുമാനിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജില്ലാതല ധനസമാഹരണം, നഷ്ടപ്പെട്ട രേഖകള്‍ വീണ്ടും നല്‍കുന്നതിനുള്ള അദാലത്ത് എന്നിവ നടത്തുന്നതിന് ജില്ലയിലേക്ക് സ്‌പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സാമൂഹിക നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകറിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. 

പ്രളയം മൂലം നാടിനുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ജീവനക്കാര്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ സംഭാവന ചെയ്യണമെന്ന് ബിജുപ്രഭാകര്‍ അഭ്യര്‍ഥിച്ചു. പ്രളയത്തിനിരയായ വീടുകളിലേക്ക് ജനങ്ങള്‍ക്ക് മടങ്ങി പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മനസിലാക്കി എല്ലാവരും സ്വമേധയാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. നിര്‍ബന്ധിത പിരിവ് പാടില്ല. ധനസമാഹരണത്തിനായി നടത്തുന്ന നവകേരള ലോട്ടറി എല്ലാ ഓഫീസുകള്‍ മുഖേനയും ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ഉദ്യോഗസ്ഥ തലത്തിലും വകുപ്പ് തലത്തിലും ഓരോ ഓഫീസുമായി ബന്ധപ്പെട്ടുള്ള മേഖലകളില്‍ നിന്നും പരമാവധി ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സന്നദ്ധതയുള്ളവര്‍ അതിനായി മുന്നോട്ടു വരണം. എല്ലാ ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. 

                 (പിഎന്‍പി 2698/18)

date