നഷ്ടങ്ങളുടെ കണക്ക് നിരത്തി വാഴക്കന്നുകളുടെ നാട്
വാഴവിത്തുകളുടെ വിപണനത്തില്‍ വകയാറിന്റെ പെരുമയ്ക്ക് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം വാഴവിത്തുകളുടെ നാടിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഏകദേശം പത്ത് ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഇരുപതിനായിരത്തിലധികം വാഴകളാണ് വെള്ളം കയറി നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷി ഒരൊറ്റ പ്രളയം കൊണ്ട് നശിച്ചതോടെ നഷ്ടമായത് കര്‍ഷകരുടെ സ്വപ്നങ്ങള്‍ കൂടിയാണ്. ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ഇവര്‍. നേന്ത്രന്‍, ഞാലിപ്പൂവന്‍ എന്നീ ഇനത്തില്‍പ്പെട്ട വാഴകളാണ് പ്രധാനമായി ഇവിടെ കൃഷി ചെയ്തിരുന്നത്. മുപ്പത്തിയഞ്ചോളം കര്‍ഷകരുടെ സ്വപ്‌നങ്ങളാണ് പ്രളയത്തില്‍ കടപുഴകിയത്. ഇത്തരത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള വാഴക്കന്നുകള്‍ വിതരണം ചെയ്ത് കൃഷിയെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം. ഇതിനായി ഗുണമേന്മയുള്ള വിത്തുകള്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് കൊണ്ടുവരാനും പദ്ധതിയുണ്ട്.
വാഴവിത്തുകളുടെ വിപണനം തന്നെയാണ് വകയാറിനെ പ്രശസ്തിയിലെത്തിച്ചത്. വാഴകൃഷി ജില്ലയിലെവിടെയായാലും വിത്ത് വകയാറില്‍ നിന്ന് തന്നെ എന്നതാണ് കര്‍ഷകരുടെ രീതി. വാഴവിത്തുകള്‍ മെച്ചപ്പെട്ട വിളവ് നല്‍കാന്‍ തുടങ്ങിയതോടെ വകയാറിന്റെ പെരുമ ഉയര്‍ന്നു. ഒപ്പം ഇതരസംസ്ഥാനങ്ങളിലേയ്ക്കും വകയാര്‍ വാഴവിത്തുകള്‍ വേര് പിടിക്കാന്‍ തുടങ്ങി. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് വകയാര്‍ ജംഗ്ഷന്‍. ഇവിടെ റോഡരുകില്‍ തന്നെയാണ് വില്‍പ്പന നടത്തുന്നതും. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, അംബാസമുദ്രം, തക്കല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഴവിത്തുകള്‍ എത്തിച്ചായിരുന്നു കച്ചവടത്തിന്റെ തുടക്കം. പിന്നീട് വകയാര്‍ കേന്ദ്രമാക്കി വ്യാപകമായി വാഴകൃഷി ആരംഭിക്കുകയായിരുന്നു. ഏത്തവാഴയുടെ വിത്തിനും ആവശ്യക്കാര്‍ ഏറെയാണ്. പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയിലാണ് ഏത്തവാഴകൃഷിയുള്ളത്. പാട്ടത്തിനെടുത്ത സ്ഥലത്താണ് കര്‍ഷകര്‍ കൃഷി നടത്തുന്നത്. ഇവിടെ നിന്നും വില്‍ക്കുന്ന വിത്തുകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലുണ്ടെന്ന് കൃഷിവകുപ്പ് അധികൃതര്‍ വിലയിരുത്തിയിട്ടുണ്ടായിരുന്നു. (പിഎന്‍പി 2733/18)
- Log in to post comments