Skip to main content

നവകേരള ലോട്ടറി ജില്ലാതല പ്രകാശനം നാളെ

 

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക തുക സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ മുഖേന വില്‍പ്പന ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശന ചടങ്ങ് (ഏഴ്) വൈകിട്ട് നാലിന് പത്തനംതിട്ട മുനിസിപ്പല്‍ ഠൗണ്‍ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അടൂര്‍ പ്രകാശ് എംഎല്‍എ ടിക്കറ്റ് ഏറ്റുവാങ്ങും. രാജുഎബ്രഹാം എംഎല്‍എ കാഷ്വല്‍ ഏജന്‍സി വിതരണം ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കാഷ്വല്‍ ഏജന്റുമാരടക്കുള്ള ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, നഗരസഭാ ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ ലോട്ടറി ഓഫീസര്‍ ആര്‍.ബാഹുലേയന്‍ പിള്ള, ലോട്ടറി ഏജന്റ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ്.മീരാസാഹിബ്, സെക്രട്ടറി അഡ്വ.ജനു മാത്യു, ലോട്ടറി ഏജന്റസ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നാഗൂര്‍ കനി, സിജിമോന്‍ തോമസ്, എസ്.ആര്‍.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

നവകേരള ഭാഗ്യക്കുറിയുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആധാര്‍/ഇലക്ഷന്‍ ഐഡി/ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആര്‍ക്കും സൗജന്യമായി കാഷ്വല്‍ ഏജന്‍സി അനുവദിച്ച് ഓഫീസ് നിരക്കില്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യും. ഇതിനായി ജില്ലാ ഭാഗ്യക്കുറി ഓഫീസിലും അടൂര്‍ സബ് ഓഫീസിലും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ഉള്‍പ്പെടെ അവധിദിവസങ്ങളിലും ഈ കൗണ്ടര്‍ പ്രവര്‍ത്തിക്കും. കാഷ്വല്‍ ഏജന്റ് ഉള്‍പ്പെടെയുള്ള എല്ലാ ഏജന്റുമാര്‍ക്കും ടിക്കറ്റ് വിലയുടെ 25 ശതമാനം കുറച്ചാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. 250 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനമായി 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 100800 പേര്‍ക്ക് 5000 രൂപയും ലഭിക്കും. ഒക്‌ടോബര്‍ 10നാണ് നറുക്കെടുപ്പ്.                    (പിഎന്‍പി 2697/18)

പ്രളയാനുകൂല്യത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചതിലൂടെ ആനുകൂല്യത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പട്ടിക ലഭ്യമാണ്. ആക്ഷേപമുള്ളവര്‍ ഇന്നുതന്നെ (ആറ്) പരാതികള്‍ വില്ലേജ് ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

       (പിഎന്‍പി 2698/18)

date