Skip to main content

പ്രളയാനന്തര തിന്മകളെ നേരിടാന്‍ സാമൂഹ്യനീതി വകുപ്പ്

കാക്കനാട്: ജോലി വാഗ്ദാനം ചെയ്തും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍  പരിചയപ്പെടുത്തിയും പ്രളയാനന്തര സമൂഹത്തെ ചൂഷണം ചെയ്യാന്‍ തിന്മയുടെ ശക്തികള്‍ ഉണ്ടാകും. ഇത്തരം ക്ഷുദ്രശക്തികളെ നേരിടാന്‍ സമൂഹത്തെ പ്രാപ്തമാക്കുകയാണ്  ജില്ലാ സാമൂഹ്യനീതി വകുപ്പ്. കൗമരപ്രായക്കാരും യുവാക്കളും യുവതികളുമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഏറ്റവും കൂടുതള്‍ ഇരകളാകുന്നത്. വിശ്വസനീയമായ രീതിയിലായിരിക്കും വിവിധ പേരുകളില്‍ തട്ടിപ്പുകാര്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അവതരിക്കുന്നത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജീവിത മാര്‍ഗ്ഗം വാഗ്ദാനം ചെയ്താണ് ഏറ്റവുമധികം തട്ടിപ്പുകള്‍ നടക്കുന്നത്. മനുഷ്യക്കടത്ത് പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്കാണ് ലോകത്തിലെ വിവിധ ദുരന്തമേഖലകളിലുള്ളവര്‍ ഇരകളാകുന്നത്.
 ദുരന്തബാധിത മേഖലകളില്‍ വരുന്ന നല്ലതും ചീത്തയും തിരിച്ചറിയാന്‍ വിപുലവും ശക്തവുമായ സംവിധാനമാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. പ്രളയം ദുരന്തം വിതച്ച പഞ്ചായത്തുകളിലെ ഓരോ അംഗന്‍വാടിയില്‍ നിന്നും രണ്ട് ജീവനക്കാര്‍, തിരഞ്ഞെടുക്കപ്പെട്ട ശിശുവികസന ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂളുകളില്‍ കൗൺസിലിംഗ് നടത്തുന്നവര്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തി്ക്കുന്ന ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  പരിശീലനം ലഭിച്ചവര്‍ അവരുടെ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലുള്ളവരെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചും അവയെ നേരിടേണ്ട രീതികളെക്കുറിച്ചും ബോധവത്കരിക്കും. ഓരോ അംഗന്‍വാടി കേന്ദ്രങ്ങളും ഇത്തരം തിന്മകളെ പ്രതിരോധിക്കുവാനുള്ള കേന്ദ്രങ്ങളാകും. നല്ലതും ചീത്തയും തിരിച്ചറിയാന്‍ സമൂഹത്തിന് അംഗന്‍വാടി കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ സാധിക്കും.
 ദുരന്തങ്ങളുണ്ടായ ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ ഉണ്ടാകുന്നതായി നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. ദുരന്തമേഖലകളില്‍ ജോലിയും, സഹായവും വാഗ്ദാനം ചെയ്യുവരില്‍ നല്ലവരുമുണ്ട് എന്നാല്‍ ഇവരുടെ മറപറ്റിവരുന്ന ദുഷ്ടശക്തികളെ നേരിടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ്. ഗീതാകുമാരി വ്യക്തമാക്കുന്നു. ഇന്ന് (6-9-18) പത്തടിപ്പാലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനം നടക്കുന്നത്.
    സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്തബാധിത മേഖലകളില്‍ ഇപ്പോള്‍ നടത്തുന്ന കൗണ്‍സിലിങ്ങുകള്‍ക്ക് പുറമേ ആയിരിക്കും ഇത്തരം ബോധവത്കരണ പരിപാടികള്‍. ബാഗ്ലൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന നിംഹാന്‍സുമായി സഹകരിച്ച് പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് വകുപ്പ് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നുണ്ട്. പ്രളയത്തില്‍ വിവിധ സഹായ ഉപകരണങ്ങള്‍ നഷ്ടപ്പെട്ട അംഗവൈകല്യമുള്ളവരുടെ  കണക്കെടുപ്പുകള്‍ പൂര്‍ത്തിയായി.

date