Skip to main content

വെള്ളപ്പൊക്കത്തിനു കാരണം അതി തീവ്രമഴ; യുക്തിരഹിത  പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: മന്ത്രി മാത്യു ടി തോമസ് 

 

ഡാമുകളില്‍ നിന്ന് അല്ലാതെ കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ നീരൊഴുക്കു മൂലം നദികളില്‍ വെള്ളം കൂടുതലായി എത്തിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. അതി തീവ്രമഴയിലൂടെ ഉണ്ടായ വെള്ളം കൂടി ഒഴുകി പോയെന്നുള്ളതാണ് വെള്ളപ്പൊക്കത്തിനു കാരണം. പമ്പ, കക്കി ഡാമുകള്‍ പെട്ടെന്ന് തുറക്കുകയായിരുന്നില്ല. ഇത് ഓഗസ്റ്റ് മാസം ഒന്‍പതാം തീയതി തന്നെ തുറന്നു വച്ചിരുന്നതാണ്. നമുക്ക് ഓഗസ്റ്റ് മാസം 14 തീയതി മുതലാണ് കനത്ത മഴ ഉണ്ടായത് എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. ഇതിനാല്‍ ഡാം തുറന്നു വിട്ടു പത്തനംതിട്ടയില്‍ വെള്ളപ്പൊക്കമുണ്ടാക്കി എന്നുള്ള ആരോപണം യുക്തിരഹിതമാണ്. ഈ തെറ്റായ പ്രചാരണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു. 

പമ്പ, കക്കി ഡാമുകള്‍ തുറന്നതിനെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ശ്രമം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നേരത്തെ വിഷയങ്ങള്‍ ബന്ധപ്പെട്ട ഡാമുകളുടെ ചുമതല വഹിക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി വിശദമാക്കിയിട്ടുള്ളതാണ്. പമ്പ, കക്കി ഡാമുകള്‍ തുറന്നത് ഓഗസ്റ്റ് മാസം ഒന്‍പതാം തീയതിയാണ്. നമുക്ക് വെള്ളപ്പൊക്കമുണ്ടായത് 15 തീയതിയാണ്. അത് വളരെ വര്‍ധിച്ചത് 16, 17 തീയതികളിലാണ്. ഈ ഡാമുകള്‍ പെട്ടെന്ന് തുറക്കുകയായിരുന്നില്ല. ഇത് ഓഗസ്റ്റ് മാസം ഒന്‍പതാം തീയതി തന്നെ തുറന്നു വച്ചിരുന്നതാണ്. നമുക്ക് ഓഗസ്റ്റ് മാസം 14 തീയതി മുതലാണ് കനത്ത മഴ ഉണ്ടായത് എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. ഇവിടെ പ്രസക്തമായ ഒരു വിഷയം, ഡാമിന്റെ ചുമതല വഹിക്കുന്ന കെഎസ്ഇബിയില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കണക്കുകള്‍ കിട്ടി. ഓഗസ്റ്റ് ഒന്‍പതു മുതല്‍ വെള്ളപ്പൊക്കം ശമിച്ച ഓഗസ്റ്റ് 22 വരെ ഈ ഡാമുകളിലേക്ക് ഒഴുകി എത്തിയ വെള്ളം 425 ദശലക്ഷം ഘനമീറ്ററാണ്. അവിടെ നിന്നും പുറത്തേക്കു വിട്ടത് 379 മില്യണ്‍ ക്യുബിക് മീറ്ററാണ്. പെട്ടെന്നു തുറന്നു വിടുകയായിരുന്നില്ല. അന്ന് ഇങ്ങോട്ടു വന്ന വെള്ളത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് പുറത്തേക്ക് വിട്ടത് എന്നതാണ് യഥാര്‍ഥത്തിലുള്ള കണക്ക്. 

അവിടെ തന്നെ പ്രസക്തമായ ഒരു വിഷയമുണ്ട്.  പമ്പ, കക്കി ഡാമുകളില്‍ നിന്ന് ഒഴുക്കി വിട്ട വെള്ളം ഒരു സെക്കന്‍ഡില്‍ ആകെ 1473 ക്യുബിക് മീറ്ററാണ്. പമ്പയില്‍ നിന്ന് 249 ഉം ആനത്തോട് കക്കിയില്‍നിന്ന്് 844 ഉം മൂഴിയാറില്‍ നിന്ന് 330ഉം കക്കാട് നിന്ന് 50 ഉം ക്യുബിക് മീറ്റര്‍ വെള്ളം.  പമ്പ, കക്കിയില്‍ നിന്ന് 1473 ക്യുബിക് മീറ്റര്‍ മാത്രമാണ് ഒഴുക്കി വിട്ടതെങ്കിലും പെരുന്തേനരുവിയിലും റാന്നി പെരുനാട്ടിലുമുള്ള റിവര്‍ ഗേജുകള്‍ കാണിക്കുന്നത് 5080 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകി പോയെന്നാണ്. അപ്പോള്‍, ഡാമിലെ വെള്ളം മാത്രമല്ല. അതി തീവ്രമഴയിലൂടെ ഉണ്ടായ വെള്ളം കൂടി ഒഴുകി പോയെന്നുള്ളതാണ് വെള്ളപ്പൊക്കത്തിനു കാരണം.  ഇലക്ട്രിസിറ്റി ബോര്‍ഡ് പമ്പ, കക്കി ഡാമുകളുടെ ഓപ്പറേഷന്‍ തെറ്റായി നടത്തിയതിനാലാണ് പത്തനംതിട്ടയില്‍ വെള്ളപ്പൊക്കമുണ്ടായതെന്ന പരാമര്‍ശം ഒട്ടുംതന്നെ ശരിയല്ല. ഇതിനെ താരതമ്യപ്പെടുത്താന്‍ വേണ്ടി കല്ലടയുടെ കാര്യം പറയുന്നു. കല്ലട ഏറ്റവും സൂക്ഷ്മമായി നിര്‍വഹിച്ചതു കൊണ്ടാണ് കൊല്ലം ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നതെന്നാണ് ഇപ്പോഴുണ്ടായിട്ടുള്ള ഒരു വാദഗതി. കല്ലടയെന്നു പറയുന്നത് ഇറിഗേഷന്‍ വകുപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ ഡാമാണ്. ഇറിഗേഷന്‍ വകുപ്പിന്റെ 16 ഡാമുകളിലും കൂടി 1570 മില്യണ്‍ എം ക്യൂബ്ഡ് വെള്ളമാണ് സ്റ്റോറേജ് കപ്പാസിറ്റിയെങ്കില്‍ കല്ലടയ്ക്കു മാത്രം 500 ല്‍ അധികം ക്യുബിക് മീറ്റര്‍ വരും. അതായത് ആകെ മൂന്നില്‍ ഒന്ന്.  ഈ ഓഗസ്റ്റ് മാസം 15 മുതല്‍ 17 വരെയുള്ള മൂന്നു ദിവസങ്ങളില്‍ കേരളത്തിന്റെ 16 ഡാമുകളിലൂടെ 700 മില്യണ്‍ ക്യുബിക് മീറ്ററാണ് പുറത്തു വിട്ടതെങ്കില്‍ 225 ക്യുബിക് മീറ്ററും പുറത്തു വിട്ടത് കല്ലട ഡാമില്‍ നിന്നാണ്. ബാക്കി 15 ഡാമില്‍ നിന്നും 475 മില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് പുറത്തു വിട്ടത്. കല്ലടയില്‍നിന്ന് 225 ക്യുബിക് മീറ്ററും പുറത്തു വിട്ടിട്ട് വെള്ളപ്പൊക്കം ഉണ്ടാകാതെ ഇരുന്നത് എന്തുകൊണ്ടാണെന്നറിയാമോ? വളരെ കൃത്യമാണ്, പമ്പയിലും അതിന്റെ വൃഷ്ടിപ്രദേശത്തും ഉണ്ടായ മഴയുടെ 48 ശതമാനം മാത്രമേ കല്ലട നദിയുടെ വൃഷ്ടിപ്രദേശത്ത് ഉണ്ടായുള്ളു. കല്ലടയില്‍  ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അതേ മാനേജ്‌മെന്റ് തന്നെയാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് കക്കിയില്‍ നടത്തിയിട്ടുള്ളത്. കല്ലടയില്‍ വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നത് അവിടെ ഉണ്ടായ മഴ 48 ശതമാനം പമ്പ, കക്കിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിരുന്നു എന്നുള്ളതു കൊണ്ടാണ്. ഇടമലയാറിലും ഇടുക്കിയിലും കൂടി ആകെ ഒരു സെക്കന്‍ഡില്‍ 2900 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിട്ടതെങ്കിലും ഭൂതത്താന്‍കെട്ടില്‍ നിന്നു പുറത്തേക്കു പോയ വെള്ളം 7700 ക്യുബിക് മീറ്ററാണെന്നും മന്ത്രി വ്യക്തമാക്കി.

date