Skip to main content

പൊതുവിദ്യാലയ മേഖലയില്‍ കുതിപ്പിനായുള്ള ത്രിദിന ശില്‍പശാല

 

എറണാകുളം :  വിദ്യാലയ അക്കാദമിക മേഖലയില്‍ പുതിയ ഉണര്‍വ്വും കുതിച്ചുചാട്ടവും ലക്ഷ്യമായിട്ടുള്ള ത്രിദിന ശില്പശാലയ്ക്ക് പിറവത്ത് തുടക്കമായി. സമഗ്ര ശിക്ഷാ അഭിയാന്റേയും പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെയും ആഭിമുഖ്യത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ സമഗ്ര ശിക്ഷാ, പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം പ്രോഗ്രാം ഓഫീസര്‍മാര്‍, കോ - ഓഡിനേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, സി.ആര്‍.സി കോഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കായുള്ള പരിശീലനത്തിന് പാമ്പാക്കുട സമന്വയയില്‍ തുടക്കമായി. 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉന്നതിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ അധ്യയന വര്‍ഷാവസാനം അക്കാദമികമാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. വിവിധ മേഖലകളിലായി ഓരോ വിദ്യാലയവും തയ്യാറാക്കിയ പരിപാടികളുടെ മുന്‍ഗണന നിശ്ചയിച്ച് നിര്‍വ്വഹണ പദ്ധതി തയ്യാറാക്കുന്നതിനാണ് ശില്പശാല. പരിശീലനത്തിന്റെ ഭാഗമായി രണ്ടുദിവസത്തിനകം പാമ്പക്കുട ഗ്രാമപഞ്ചായത്തിലെയും, പിറവം മുന്‍സിപ്പാലിറ്റിയിലേയും പതിനഞ്ച് വിദ്യാലയങ്ങളില്‍ പദ്ധതി നിര്‍വ്വഹണത്തിനു തുടക്കമാകും. ഒന്നാംതരംതൊട്ട് പന്ത്രണ്ടാം തരംവരെയുള്ള ക്ലാസ്മുറികളിലെ ഓരോ വിദ്യാര്‍ത്ഥിയിലും ഓരോ വിദ്യാലയത്തിലും പ്രകടമായ അക്കാദമിക പുരോഗതി കൈവരിക്കുകയാണ് മാസ്റ്റര്‍ പ്ലാനിലൂടെ ലക്ഷ്യമിടുന്നത്.
    ശില്പശാലയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രോഗ്രാംഓപീസര്‍ കെ.ജെ ഹരികുമാര്‍ നിര്‍വ്വഹിച്ചു. സമഗ്രശിക്ഷാ കേരള പ്രോഗ്രാം ഓഫീസര്‍ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ്‌ജോര്‍ജ് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം കോ-ഓഡിനേറ്റര്‍ ജോര്‍ജ് ബാസ്റ്റിന്‍, മുഹമ്മദ്ദ് സിദ്ദീഖ്, പ്രോഗ്രാം ഓഫീസര്‍മാരായ പി.ജ്യോതിഷ്, പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ഫാക്കല്‍റ്റി അംഗം ഡോ. സുലഭ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. പരിശീലനം വ്യാഴാഴ്ച്ച സമാപിക്കും. 

date