Skip to main content

ജില്ലയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

 

പ്രളയമേഖലയില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന്  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍ അബൂബക്കര്‍ സിദ്ദിഖ് അറിയിച്ചു. പുഴയോരത്ത് കെട്ടിക്കിടക്കുന്ന മാലിന്യമുള്‍പ്പെടെ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പ്രളയജലത്താല്‍ മലിനപ്പെട്ട കിണറുകളുടെ ശുദ്ധീകരണവും ഏകദേശം അവസാനഘട്ടത്തിലാണ്. ജില്ലയിലെ അന്‍പത്തി മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ പതിനെട്ട് ഗ്രാമപഞ്ചായത്തുകളെ പ്രളയം പൂര്‍ണമായും ബാധിച്ചിരുന്നു. 49,768 വീടുകളേയും 1414 സ്ഥാപനങ്ങളേയും 826 പൊതുസ്ഥലങ്ങളേയും 37448 കിണറുകളേയും പ്രളയം ബാധിച്ചു. ആറ് വീടുകളൊഴിച്ച് 49762 വീടുകളുടേയും ശുചീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ളവയുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കിണറുകളില്‍ 28950 എണ്ണത്തിന്റെ ശുചീകരണവും ക്ലോറിനേഷനും പൂര്‍ത്തിയായി. 8498 എണ്ണത്തിന്റെ ശുചീകരണം ഉടന്‍ പൂര്‍ത്തിയാകും. ജില്ലയില്‍ നടത്തിയ ശുചീകരണയജ്ഞത്തില്‍ 57900 വോളന്റിയേഴ്‌സ് പങ്കെടുത്തതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ നിന്നും 399 ടണ്‍ മാലിന്യമാണ് ഇവരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് 79 മോട്ടോര്‍ പമ്പ് സെറ്റുകളും ലഭ്യമാക്കിയിരുന്നു. കൂടാതെ ജില്ലയുടെ കാര്‍ഷികമേഖലയ്ക്ക് 68 കോടിയുടെ നാശനഷ്ടമാണ് ജില്ലയിലുടനീളം സംഭവിച്ചത്. 135 കോടി രൂപയുടെ നഷ്ടം ഗ്രാമപഞ്ചായത്തുകള്‍ക്കുമുണ്ടായി. മാത്രമല്ല, പ്രളയത്തില്‍ ചത്തൊടുങ്ങിയ 67102 പക്ഷികളുടേയും, 80 ചെറിയ മൃഗങ്ങളുടേയും 103 വലിയ മൃഗങ്ങളുടേയും ശവശരീരങ്ങള്‍ കണ്ടെത്തുകയും അവ പൂര്‍ണമായും സംസ്‌കരിക്കുകയും ചെയ്തിരുന്നു.                  (പിഎന്‍പി 2801/18)

date