Skip to main content

പദ്ധതി നിര്‍വഹണ പുരോഗതിയില്‍ ജില്ല രണ്ടാമത്; നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അഭാവം പരിഹരിക്കും:  മന്ത്രി ഡോ. കെ. ടി. ജലീല്‍

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണ പുരോഗതിയില്‍ രണ്ടാമതാണെന്നും പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ കുറവ് അടിയന്തിരമായി  പരിഹരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍. ജില്ലയുടെ സംസ്ഥാനതല വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍  ചിലയിടത്തെങ്കിലും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അഭാവം പദ്ധതി പുരോഗതിയെ ബാധിച്ചിട്ടുണ്ട്. ഈ കുറവ് അടിയന്തിരമായി പരിഹരിക്കും. പഞ്ചായത്തുകളില്‍ നിലവില്‍ തലനാട് പഞ്ചായത്ത് (100 ശതമാനത്തില്‍ കൂടുതല്‍) ഒന്നാമതും കൊഴുവനാല്‍ (61.50 ശതമാനം) രണ്ടാമതുമാണ്. കുറിച്ചി പഞ്ചായത്താണ് (14.69) ഏറ്റവും പിന്നില്‍. മേലുകാവ് (17.51) പിന്നില്‍ നിന്ന് രണ്ടാമതാണ്. ബ്ലോക്കുകളില്‍ ഈരാറ്റുപേട്ട (46.36) ഒന്നാമതും കടുത്തുരുത്തി (34.42) രണ്ടാമതുമാണ്. പള്ളം  (20.87) ബ്ലോക്കാണ് ഏറ്റവും പിന്നില്‍. മാടപ്പളളി ബ്ലോക്ക് (22.51) പിന്നില്‍ നിന്ന് രണ്ടാമതാണ്. നഗരസഭകളില്‍ ഈരാറ്റുപേട്ട 60.53 ശതമാനം ചെലവഴിച്ച് ഒന്നാമതെത്തി. കോട്ടയം 17.91 ചെലവഴിച്ച് പിന്നിലാണ്. ജില്ലാ പഞ്ചായത്ത് 19.49 ശതമാനമാണ് ചെലവഴിച്ചിട്ടുളളത്. ബില്ലുകള്‍ ഇനിയും ട്രഷറിയില്‍ നിന്ന് മാറി കിട്ടാനുണ്ടെന്നും ഡിസംബറോടെ 70 ശതമാനം പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മന്ത്രിയെ അറിയിച്ചു.  

നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ  അഭാവം പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുന്നതായി ജനപ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എഞ്ചിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും കുറവ് പദ്ധതി നിര്‍വ്വഹണത്തില്‍ സാരമായി ബാധിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ വിദ്യാഭ്യാസ വകുപ്പ്, മൃഗസംരക്ഷണം, ക്ഷീരവികസനം, പട്ടികജാതി ക്ഷേമ വികസനം എന്നീ വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അവലോകന യോഗത്തില്‍  ഹാജരാകാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പലകാര്യങ്ങളിലും കോട്ടയം ജില്ല മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസൗഹൃദ പഞ്ചായത്തുകളായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാതല അവലോകന യോഗങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും കോട്ടയത്തെ പഞ്ചായത്തുകളില്‍ നടപ്പാക്കിയിട്ടുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇത് വിജയിച്ചാല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കാനാണ്           ഉദ്ദേശം- മന്ത്രി പറഞ്ഞു. 

ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, നഗര വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ഗ്രാമ വികസന വകുപ്പ് കമ്മീഷണര്‍ കെ. രാമചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ലിസമ്മ ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ നഗരസഭാദ്ധ്യക്ഷന്മാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

(കെ.ഐ.ഒ.പി.ആര്‍-1991/17)

date