Skip to main content

പ്രളയത്തെ തോല്‍പ്പിച്ച് കണ്‍മണികളെത്തി

 

മൂന്ന് പെണ്‍കരങ്ങളിലൂടെ ഭൂമിയിലെത്തിയത് രണ്ട് പെണ്‍കുരുന്നുകള്‍.....കണ്‍മണിയെ കാത്ത മൂന്ന് പെണ്‍കരങ്ങളുടെ വാര്‍ത്ത നാം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിട്ട് ദിവസങ്ങളായില്ല. പ്രളയം വരുന്നുവെന്ന ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ കടന്ന് വെള്ളം വീട്ട് മുറ്റത്തെത്തിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയ തോട്ടപ്പുഴശ്ശേരി സ്വദേശിയായ അനീഷിന് ദൈവത്തിന്റെ സഹായമെത്തിയത് മൂന്ന് സ്ത്രീരത്‌നങ്ങളുടെ രൂപത്തിലായിരുന്നു. പെണ്‍കരങ്ങളുടെ കരുതലിലൂടെ ജീവിതത്തിലേക്ക് കണ്‍മണികളെ മടക്കി കിട്ടിയതിന്റെ സന്തോഷത്തിലാണ് അനീഷ്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജിന്റേയും, തോട്ടപ്പുഴശ്ശേരി വില്ലജ് ഓഫീസര്‍ ദിവ്യ കോശിയുടേയും, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫറിന്റേയും സമയോചിതമായ ഇടപെടലാണ് അനീഷിനും ഭാര്യ സജ്‌നയ്ക്കും തുണയായത്. വിവാഹശേഷം ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തില്‍ ലഭിച്ച പ്രതീക്ഷ കുതിച്ചെത്തിയ വെള്ളത്തിന് മുമ്പില്‍ ചോദ്യചിഹ്നമായപ്പോള്‍ കോയിപ്രം ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കായ അനീഷ് ആദ്യം വിളിച്ചത് വീണാജോര്‍ജ് എംഎല്‍എയെ ആയിരുന്നു. കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ എംഎല്‍എ ഉടന്‍ തന്നെ തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസര്‍ ദിവ്യ കോശിയെ അനീഷിന്റെയും കുടുംബത്തിന്റെയും അവസ്ഥ അറിയിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയുമായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫറിന്റെ കൂടി സഹായത്തോടെ അനീഷിന്റെ വീട്ടിലേയ്ക്ക് കടത്തു വെള്ളം എത്തിച്ചെങ്കിലും അതിശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ വള്ളത്തില്‍ രക്ഷിക്കാന്‍ കഴിയില്ലായെന്ന് വള്ളക്കാര്‍ അറിയിച്ചു. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ ഡിങ്കി ബോട്ട് ഇവിടേയ്ക്ക് എത്തിച്ച് കുത്തൊഴുകിയെത്തിയെ വെള്ളത്തില്‍ നിന്നും ഇരുവരെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചത് ഒരു സിനിമാക്കഥ പോലെയായിരുന്നു. ഈ മൂന്ന് സ്ത്രീകള്‍ക്കൊപ്പം വാര്‍ഡ് മെംമ്പറായ ടി.ജി പ്രകാശ്കുമാറുമുണ്ടായിരുന്നു. സജ്‌നയെ വള്ളത്തില്‍ കയറ്റി വിട്ട ശേഷം തിരിച്ച് വരാനാകാതെ തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസര്‍ ദിവ്യ കോശി ഇവിടെ കുടുങ്ങിപ്പോയിരുന്നു. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച സജ്‌നയ്ക്ക് വൈദ്യപരിശോധനകള്‍ക്ക് ശേഷം വിശ്രമം അനുവദിച്ചെങ്കിലും കഴിഞ്ഞ ദിവസം പെട്ടെന്ന് വേദന വരികയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രളയം സമ്മാനിച്ച ഭീതി കാരണമുണ്ടായ ടെന്‍ഷന്‍ അപ്പോഴും സജ്‌നയ്ക്ക് വിട്ട് പോയിരുന്നില്ല. കുറച്ച് സങ്കീര്‍ണതകളുണ്ടായെങ്കിലും ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഈ വാര്‍ത്ത ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും, ഇരട്ടക്കുട്ടികള്‍ ഇരട്ടിസന്തോഷമാണെങ്കില്‍ അത് പെണ്‍കുട്ടികളായത് അതിലേറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും വീണാജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. 

date