Skip to main content

കല്യാശ്ശേരിയില്‍ പൊതുമരാമത്ത് വകുപ്പ്  1000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി     

അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ കല്യാശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് മേഖലയില്‍ 1000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിലവില്‍ റോഡുകളും പാലങ്ങളുമായി മണ്ഡലത്തില്‍ 343 കോടിയുടെ പ്രവൃത്തികള്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടി-മാടായി-പുതിയങ്ങാടി-മാട്ടൂല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
    വികസനരംഗത്ത് കാലങ്ങളായി പിന്തള്ളപ്പെട്ട കണ്ണൂര്‍ ജില്ലയ്ക്ക് വിലയ പരിഗണനയാണ് കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ സര്‍ക്കാര്‍ നല്‍കിയത്. ദേശീയ പാതാ വികസനമുള്‍പ്പെടെ വിവിധ പദ്ധതികള്‍ വരാനിരിക്കുകയാണ്. വികസനത്തിന് അനുകൂലമായ കാലാവസ്ഥയാണ് സംസ്ഥാനത്തിപ്പോള്‍. കരാറുകാരും എഞ്ചിനീയര്‍മാരും ആത്മാര്‍ഥമായി സഹകരിച്ചാല്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടം തന്നെയുണ്ടാകും. 
    സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാര്‍ ജി.എസ്.ടിയുടെ പേരില്‍ നടത്തിയ സമരം അനാവശ്യമായിരുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വരുന്ന അധികബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തേ തയ്യാറായതാണ്. കരാറുകാര്‍ ട്രേഡ് യൂനിയന്‍ മാതൃകയില്‍ സമരം ചെയ്യേണ്ടവരല്ല. സമരം ചെയ്തത് മൂലം നഷ്ടം അവര്‍ക്ക് തന്നെയാണെന്നും മന്ത്രി പറഞ്ഞു. കരാറുകാര്‍ ആധുനികവല്‍ക്കരണത്തിന് വിധേയമാവണം. മികച്ച യന്ത്രങ്ങള്‍ സ്വായത്തമാക്കുകയും നല്ല ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിലൂടെ പ്രവൃത്തികള്‍ ഏറ്റെടുത്ത് സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ഏറ്റെടുത്ത തുകയില്‍ കുറഞ്ഞ തുകയ്ക്ക് നല്ല രീതിയില്‍ പണി പൂര്‍ത്തിയാക്കി അധികതുക സര്‍ക്കാരിന് തിരിച്ചുനല്‍കുന്ന നല്ല കരാറുകാരും സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.  
    പഴയങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ആബിദ, ആയിഷ.യു, കെ പത്മനാഭന്‍, സുധീര്‍ വെങ്ങര, പി.നാരായണന്‍, കെ.സജീവന്‍, പി.എം ഹനീഫ, ടി.രാജന്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ജിഷാകുമാരി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി സ്വാഗതവും ശശി.കെ.വി നന്ദിയും പറഞ്ഞു.
പി എന്‍ സി/4478/2017 

date