Skip to main content

ഇന്ന് (സെപ്തംബര്‍ 16) വീടുകളിലും പൊതുസ്ഥലങ്ങളിലുംഊര്‍ജിതകൊതുകുനശീകരണം

 

പ്രളയബാധിത പ്രദേശങ്ങളില്‍ കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഇന്ന് (സെപ്തംബര്‍ 16) വീടുകളിലും മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളിലും ഊര്‍ജിത കൊതുകുനശീകരണ പരിപാടി നടത്തും.

ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഹരിത കേരളമിഷന്‍ എന്നിവരുമായി സഹകരിച്ച് പൊതുജന പങ്കാളിത്തത്തോടെ സെപ്റ്റംബര്‍ 14,15,16 തീയതികളില്‍ ഊര്‍ജിത കൊതുകു നശീകരണ പരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. സെപ്റ്റംബര്‍ 14 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സെപ്റ്റംബര്‍ 15 ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ശുചീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും കൊതുകു മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യമുണ്ട്. ഡെങ്കി പനി പടര്‍ത്തുന്ന ഈഡിസ് കൊതുകിനു മുട്ടയിടാന്‍ വളരെ കുറച്ചു വെള്ളംമതി. ജലം വാര്‍ന്നു പോയാലും ഈ മുട്ടകള്‍ക്കു വര്‍ഷങ്ങളോളം അതിജീവിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് മഴവെള്ളത്തിലൂടെയോ, മറ്റേതെങ്കിലും സാഹചര്യത്തിലോ ജലം ലഭ്യമാകുമ്പോള്‍ ഈ മുട്ടകള്‍ വിരിഞ്ഞു കൂത്താടി പുറത്തു വരും. ഈഡിസ് കൊതുകുകള്‍ അതിന്റെ ജീവിത ചക്രത്തില്‍ അഞ്ചുതവണയില്‍ കൂടുതല്‍ മുട്ടയിടും, ഓരോ തവണയും നൂറുമുതല്‍ ഇരുനൂറുവരെ മുട്ട ഇടാം. ഡെങ്കി വൈറസ് വാഹകയായ കൊതുകു ഇടുന്ന എല്ലാ മുട്ടകളിലും അണുബാധ ഉണ്ടാവും. ഉറവിട നശീകരണമാണ് ഡെങ്കിപനിയുടെ വ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗം.

കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ നാം കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യണം. ശുദ്ധജലം ശേഖരിച്ചു വയ്ക്കാവുന്ന സംഭരണികള്‍, പാത്രങ്ങള്‍, ടാങ്കുകള്‍, ചെടിച്ചട്ടി, ടയര്‍, ഫ്രിഡ്ജിന്റെ അടിയില്‍ കാണുന്ന ട്രേ, മുട്ടത്തോട്, കരിക്കിന്‍ തോട്, ചിരട്ട തുടങ്ങി വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്. ഇവിടെയൊന്നും വെള്ളംകെട്ടി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. 

date