Skip to main content
.

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം 23 ന്: സുരക്ഷിത ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ

 

 

ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിത ദര്‍ശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ കുമിളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന അന്തർസംസ്ഥാന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഉത്സവം നടക്കുന്ന ഏപ്രിൽ 23 ന് പുലർച്ചെ 6 മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. 

 

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള  സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെയും തേനി ജില്ലാ കളക്ടര്‍ ആര്‍ വി ഷാജീവനയുടെയും നേതൃത്വത്തില്‍ ചേർന്ന യോഗം വിലയിരുത്തി.   ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതക്കും മുന്‍തൂക്കം നല്‍കി പരിസ്ഥിതി സൗഹൃദ ക്ഷേത്ര ദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

രാവിലെ 4  മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികൾ  എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും.  അഞ്ചുമണിയോടെ  ട്രാക്ടറുകളിൽ  ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കുകയുമില്ല.

 

ആര്‍ ടി ഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ ട്രിപ്പ്  വാഹനങ്ങള്‍ ഭക്തരില്‍ നിന്നും ഈടാക്കാൻ പാടുള്ളൂ. ഇത് സംബന്ധിച്ച നിരക്ക് ഉടൻ പ്രസിദ്ധീകരിക്കും. ഡിസ്‌പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ  ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല. 

 

ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ  പാസ് നല്‍കും. കുമളി ബസ്സ്റ്റാന്‍ഡില്‍ എപ്രിൽ 20, 21, 22 ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഒ മാരുടെയും പോലീസിന്റെയും  നേതൃത്വത്തില്‍ ഫിറ്റ്‌നസ് പരിശോധിച്ചാകും പാസ് അനുവദിക്കുക. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍  വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല. കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. 

 

   സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും.  പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും  ആംബുലന്‍സ് സൗകര്യവും  മലമുകളില്‍ ഏര്‍പ്പെടുത്തും. 

 

കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ജലവകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. 

മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ താല്‍ക്കാലിക ടോയ്‌ലറ്റ് സൗകര്യങ്ങൾ  സജ്ജമാക്കും.  മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്യും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്നിരക്ഷാസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും. 

 

കുമളിയില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യം സജ്ജമാക്കുവാനും ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഒരുക്കുവാനും പ്രവര്‍ത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ നന്നാക്കുവാനും കുമളി ഗ്രാമപഞ്ചായത്തിന് യോഗം നിര്‍ദേശം നല്‍കി. 

   

 ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് , തേനി ജില്ലാ പോലീസ് മേധാവി ആർ ശിവപ്രസാദ്,  പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പാട്ടീല്‍ സുയോഗ് സുബാഷ് റാവു, മേഘമല വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് ഡി ഡി ആനന്ദ്, തേനി ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ സമര്‍ത്ഥ,  ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രം: 

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സത്തിന്റെ സുരക്ഷിതമായ നടത്തിപ്പുമായി ബന്ധപ്പെട്ട്  കുമിളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേര്‍ന്ന അന്തർസംസ്ഥാന ജില്ലാതല യോഗം

 

 മംഗളാദേവി ഉത്സവം_- അന്തർ സംസ്ഥാന--- ജില്ലാതല മീറ്റിംഗ് video: https://we.tl/t-LayUxJe0fk

 

date