Skip to main content

സഹകരണ പ്രസ്ഥാനം നാലായിരം വീടുകൾ നിർമ്മിച്ച് നൽകും: കടകംപള്ളി സുരേന്ദ്രൻ

 

കൊച്ചി: സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രളയക്കെടുതികളിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി സംസ്ഥാനത്തുടനീളം നാലായിരം വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ രാമമംഗലം ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

            ആദ്യ ഘട്ടത്തിൽ 1500 വീടുകൾ നിർമ്മിച്ച് നൽകും. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് നൽകുന്നത്.നിർമ്മാണത്തിന്റെ സാങ്കേതിക മേൽനോട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായിരിക്കും. വീട് നിർമ്മാണം നടക്കുന്നിടത്തെ സഹകരണ ബാങ്കുകൾ വഴിയാണ് തുക നൽകുക. അഞ്ച് ലക്ഷത്തിന് പുറമെ അതാത് സ്ഥലത്തെ സന്നദ്ധ പ്രവർത്തകർ നൽകുന്ന ധന സഹായവും കൂടി ചേർത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും.റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം 23,000 വീടുകളാണ് പൂർണ്ണമായും നശിച്ചത്.ഒരു ലക്ഷത്തിലധികം വീടുകൾക്ക് ഭാഗിക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

 

         ഇത് കൂടാതെ മുറ്റത്തെ മുല്ല എന്ന പേരിൽ സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഒരു മൈക്രോ ഫിനാൻസിങ്ങ് സംരഭവും ആരംഭിച്ചിരിക്കുകയാണ്. ബ്ലേഡ് ഇടപാടുകാരെ സാധാരണക്കാരിൽ നിന്നും അകറ്റി നിർത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെറിയ തുകകളാണ് ഇതുവഴി വായ്പയായി നൽകുന്നത്.കുടുംബശ്രീ വഴിയാണ് ഈ സംരഭം നടപ്പിലാക്കുന്നത്.ഇതിനായി സഹകരണ ബാങ്കുകൾക്ക് പത്ത് ലക്ഷം രൂപ വരെ കുടുംബശ്രീക്ക് നൽകാം.പാലക്കാട് ജില്ലയിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ്. മറ്റ് ജില്ലകളിലേക്ക് കൂടി ഇത് ഉടൻ പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

          മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ പതിമൂന്നാമത് ശാഖയാണ് രാമമംഗലത്ത് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്ക് ഉപഹാരമായി ബാങ്ക് വഴി വിറ്റഴിച്ച നവകേരള ലോട്ടറിയുടെ ലാഭ വിഹിതവും ബോർഡ് അംഗങ്ങളുടെ ഓണറേറിയവും കൂടിച്ചേർത്ത് 1,25,598 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ഇത് കൂടാതെ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ജീവനക്കാർ സാലറി ചലഞ്ചിന്റെ ഭാഗമായി 18,47,500 രൂപയും മന്ത്രിക്ക് കൈമാറി.ബാല സാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരി തനിക്ക് ലഭിച്ച റോയൽറ്റി തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാങ്കിംഗ് രംഗത്ത് തൊണ്ണൂറ്റി അഞ്ച് വർഷമായി പ്രവർത്തിച്ച് വരുന്ന മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ മറ്റ് ശാഖകൾ മൂവാറ്റുപുഴ താലൂക്കിലും കോതമംഗലം താലൂക്കിലുമാണ് പ്രവർത്തിക്കുന്നത്. പാമ്പാക്കുട ബ്ലോക്കിലും കൂടെ ബാങ്കിന്റെ പ്രവർത്തം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാമമംഗലത്ത് പുതിയ ശാഖ ആരംഭിച്ചത്.

           പിറവം എം.എൽ.എ അനൂപ് ജേക്കബ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം കെ.എൻ.സുഗതൻ, ബാങ്ക് ചെയർമാൻ പി.ആർ.മുരളീധരൻ, ജോയിന്റ് രജിസ്ട്രാർ എം.എസ് ലൈല ജോയിന്റ് ഡയറക്ടർ സുരേഷ് മാധവൻ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മിനി കുമാരി എന്നിവർചടങ്ങിൽ പങ്കെടുത്തു.

  .

date