പ്രളയബാധിതര്‍ക്ക് നല്‍കാനായി 1.24 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി അലക്‌സാണ്ടര്‍ വി.ജോണും മാതാവ് സൂസമ്മ ജോണും
കോന്നി താലൂക്കിലെ ഐരവണ്‍ വില്ലേജില്‍ ഒരേക്കര്‍ 24 സെന്റ് സ്ഥലം പ്രളയബാധിതര്‍ക്കായി വിട്ടുനല്‍കി കോന്നി ജോണ്‍സണ്‍ റോക്ക്‌സ് ഉടമകള്‍ മാതൃകയായി. തിരുവല്ല താലൂക്കിലെ കവിയൂര്‍ വലിയ വീട്ടില്‍ അലക്‌സാണ്ടര്‍ വി.ജോണും മാതാവ് സൂസമ്മ ജോണുമാണ് ഐരവണ്‍ വില്ലേജിലെ ബ്ലോക്ക് 34ല്‍ സര്‍വെ 125/2ല്‍പ്പെട്ട സ്ഥലം ദുരിതബാധിതരെ സഹായിക്കുന്നതിനായി സര്‍ക്കാരിലേക്ക് വിട്ടുനല്‍കിയത്. ഇന്നലെ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് ഇതുസംബന്ധിച്ച സമ്മതപത്രം കൈമാറി. കോന്നി താലൂക്ക് ഓഫീസില്‍ നിന്ന് സ്ഥലത്തിന്റെ സ്‌കെച്ച്, മറ്റ് വിവരങ്ങള്‍ എന്നിവയുമായി ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. ഒരേക്കര്‍ 24 സെന്റ് സ്ഥലത്തില്‍ 84 സെന്റ് സ്ഥലം വീട് വയ്ക്കുന്നതിന് അനുയോജ്യമായതാണ്. 40 സെന്റ് സ്ഥലം പാറയാണ്. ആവശ്യമുള്ളപക്ഷം പാറകള്‍ പൊട്ടിച്ച് മാറ്റുന്നതിന് സഹായം നല്‍കാന്‍ തയാറാണെന്നും ഉടമകള്‍ ജില്ലാ കളക്ടറെ അറിയിച്ചു. അടുത്ത ദിവസം തന്നെ നേരിട്ട് സ്ഥലപരിശോധന നടത്തി സ്ഥലം സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് സ്ഥലം പ്രളയബാധിതരായ ആളുകള്‍ക്ക് സഹായകരമായ രീതിയില്‍ വിനിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പ്രളയക്കെടുതിയില്‍ 799 പേര്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ 28ഓളം പേര്‍ക്ക് സ്ഥലവും വീടും നഷ്ടമായിട്ടുണ്ട്. ഇത്തരക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഏറെ സഹായകരമാണ് സുമനസുകളായ ആളുകള്‍ നല്‍കുന്ന ഇത്തരം സഹായങ്ങള്‍. ഇത്തരത്തില്‍ സ്ഥലം വിട്ടുനല്‍കുവാന്‍ തയാറായി ധാരാളം ആളുകള്‍ മുന്നോട്ടുവന്നിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
മുംബൈയില്‍ സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്ന അലക്‌സാണ്ടര്‍ വി.ജോണിന്റെ മാതാവും കോന്നി ജോണ്‍സര്‍ റോക്‌സ് ഉടമയുമായ സൂസമ്മ ജോണ്‍ പ്രളയസമയത്ത് തിരുവല്ല തോട്ടഭാഗത്ത് പ്രളയത്തില്‍ അകപ്പെട്ടിരുന്നു. പ്രളയത്തിന് ശേഷം മുംബൈയിലെത്തിയ അവര്‍ ജില്ലയിലുണ്ടായ പ്രളയദുരിതത്തിന്റെ ആഘാതത്തെക്കുറിച്ച് മകനെ ബോധ്യപ്പെടുത്തിയിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളാലാകുന്നത് ചെയ്യണമെന്ന ചിന്തയില്‍ ഇദ്ദേഹം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം സ്ഥലം സര്‍ക്കാരിലേക്ക് കൈമാറുന്നതിന് തീരുമാനിക്കുകയുമായിരുന്നു. (പിഎന്‍പി 3085/18)
- Log in to post comments