കേരളത്തിന്റെ ശക്തിസ്രോതസ് വിനോദസഞ്ചാരമേഖല: ജില്ലാ കളക്ടര്‍
കേരളത്തിന്റെ ഏറ്റവും വലിയ ശക്തിസ്രോതസാണ് വിനോദസഞ്ചാരമേഖലയെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ലോകടൂറിസം ദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും റാന്നി സെന്റ് തോമസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള, റീബില്‍ഡ് റാന്നി എന്ന സന്ദേശമുയര്‍ത്തി നടത്തിയ ബൈക്ക് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കേരളത്തെ സംബന്ധിച്ച് സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് വിനോദസഞ്ചാരമേഖല. ഇത് തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍ വിനോദസഞ്ചാരമേഖല വ്യവസായമേഖലയായി പുരോഗമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മേഖലകളിലും പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇവ പരമാവധി വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പ്രളയത്തിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ നാശങ്ങളില്‍ നിന്നും ജില്ല പച്ചപ്പിലേയ്ക്ക് മടങ്ങിയെത്തുകയാണെന്ന് പറഞ്ഞുകൊണ്ട് ബൈക്ക് റാലിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മവും കളക്ടര്‍ നിര്‍വഹിച്ചു. റാലിയില്‍ വിദ്യാര്‍ത്ഥികളുടെ വന്പങ്കാളിത്തമായിരുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് കളക്ടറും ഇവര്‍ക്കൊപ്പം ചേര്‍ന്നു. റാന്നി സെന്റ് തോമസ് കോളജില്‍ നിന്നാരംഭിച്ച് ബ്ലോക്ക്പടി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് ചാത്തന്‍കര വഴി തിരികെ കോളജില്‍ എത്തുന്ന രീതിയിലായിരുന്നു റാലി. നവകേരള നിര്‍മിതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്തഥികള് ഒപ്പ്ശേഖരണവും നടത്തി. ഡിടിപിസി സെക്രട്ടറി എ. ഷംസുദ്ദീന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്, കോളജ് പ്രിന്‍സിപ്പല്‍ ലതാ മറീന വര്‍ഗീസ്, കോളജ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലീന മേരി മത്തായി, സ്റ്റാഫ്പ്രതിനിധി ലിജോ തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 3087/18)
- Log in to post comments