Skip to main content

പ്രളയാനന്തര സംസ്ഥാനത്തിന്റെ മനസറിയാന്‍ സാക്ഷരതാമിഷന്‍  സ്ഥിതിവിവര പഠനം

 

പ്രളയാനന്തരം സംസ്ഥാനത്തിന്റെ മനസ് പഠിക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സ്ഥിതിവിവര പഠനം നടത്തുന്നു. ഒക്ടോബര്‍ രണ്ടിന് തുല്യതാപഠിതാക്കളുടെ നേതൃത്വത്തിലാണ് ഓരോ ജില്ലയിലും സാക്ഷരാതമിഷന്‍ ഏകദിനസര്‍വ്വേ  നടത്തുക. ജില്ലയില്‍ പത്താംതരം, ഹയര്‍സെക്കണ്ടറി തലങ്ങളിലെ 1350 തുല്യതാപഠിതാക്കളെയാണ് ജനസമ്പര്‍ക്ക പരിപാടി എന്ന നിലയില്‍ സര്‍വേയ്ക്ക്  നിയോഗിച്ചിരിക്കുന്നതെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.വി. വി. മാത്യു പറഞ്ഞു. പ്രളയാനന്തരം കേരളം എന്ത് ചിന്തിക്കുന്നു എന്ന് കണ്ടെത്തുകയാണ് സര്‍വേയുടെ മുഖ്യലക്ഷ്യം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സൗഹാര്‍ദജീവിതം, ദുരന്തപ്രതിരോധം എന്നിവയെക്കുറിച്ച് വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങളുടെ സാമാന്യധാരണ അറിഞ്ഞ് ഇവ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണ് സര്‍വേയുടെ രീതി. ഓരോ പഠിതാവും സ്വന്തം വീടിന് സമീപമുള്ള അഞ്ച് വീടുകളില്‍ സര്‍വേ നടത്തണം. കൂടാതെ ഓരോ പഠിതാവും പഠിതാക്കളല്ലാത്ത രണ്ട് പേരെയങ്കിലും സര്‍വേ ടീമില്‍ ഉള്‍പ്പെടുത്തണം. ഒറ്റപേജില്‍ ടിക് രേഖപ്പെടുത്താവുന്ന വിധത്തിലാണ് സര്‍വേ ഫോറം തയ്യാറാക്കിയിരിക്കുന്നത്. അധികമായ വിവരങ്ങള്‍ ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ സര്‍വേ ഫോറത്തിന്റെ മറുപുറത്ത് ഇതിനായുള്ള സൗകര്യവുമുണ്ട്. സര്‍വേയുടെ റിപ്പോര്‍ട്ട് പഠനകേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രസിദ്ധീകരിക്കും. സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരത തുല്യതപഠിതാക്കള്‍ക്ക് വേണ്ടി പ്രത്യേക പഠനസാമഗ്രികള്‍ തയ്യാറാക്കുകയും ദുരന്ത പ്രതിരോധത്തെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങള്‍ തുല്യതാപഠനത്തിന്റെ ഭാഗമാക്കുകയും ചെയ്യും. കൂടാതെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികളിലും പഠിതാക്കളെ പങ്കാളികളാക്കും. സ്ഥിതിവിവര പഠനം നടത്തുന്നതിനായി പഠിതാക്കള്‍ക്ക് പ്രത്യേക പരിശീലനം ജില്ലാതലത്തില്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനാണ് പഠനകേന്ദ്രതലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. തുടര്‍ന്ന് ഇവ ക്രോഡീകരിച്ച് എട്ടിന് അന്തിമ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കും. 13ന് എല്ലാ ജില്ലകളിലെയും റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തി സമഗ്രസ്ഥിതിവിവര പഠനറിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.         (പിഎന്‍പി 3090/18)

date