ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ ഊര്‍ജിത ശുചീകരണം ഗാന്ധിജയന്തി വാരാചരണം: പ്രളയാനന്തര പുനര്‍നിര്‍മാണം- പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയില്‍ മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കി ഗാന്ധിജയന്തി വാരാചരണം സംഘടിപ്പിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് പി.റ്റി. ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ഗാന്ധിയന്‍ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 8.15ന് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കിയാണ് ഇത്തവണ വാരാചരണം. ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് നഗരത്തിലെ പൊതുസ്ഥലങ്ങള്‍ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ശുചിയാക്കും. തദ്ദേശഭരണവകുപ്പ്, ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്കീം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്, ആരോഗ്യ വകുപ്പ് തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ഐടി മിഷന്, യുവജനക്ഷേമബോര്‍ഡ്, എക്സൈസ്, വിദ്യാഭ്യാസം, പട്ടിക ജാതി -വര്‍ഗ വികസനം, ഖാദി-ഗ്രാമവ്യവസായം, പോലീസ്, ഗ്രാമവികസനം, സാക്ഷരതാമിഷന്‍, നെഹ്റു യുവകേന്ദ്ര, സാമൂഹിക നീതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെയും സര്‍വോദയസംഘം ഉള്‍പ്പെടെ ഗാന്ധിയന്‍ സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ ഊര്‍ജിത ശുചീകരണം നടക്കും. പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയും പരിസരവും ശുചീകരിക്കും. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് ശുചീകരിക്കും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളായ ബിമ്മരം കോളനി, എഴിക്കാട് കോളനി എന്നിവിടങ്ങളില്‍ രോഗപ്രതിരോധ-ശുചീകരണ ബോധവത്ക്കരണ സെമിനാറുകളും പ്രതേ്യക മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ കോളനികളില്‍ ബോധവത്ക്കരണ സെമിനാറും പ്രതേ്യക മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ആയൂര്‍വേദ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പന്തളം ചേരിക്കല്‍, തിരുവല്ല അടമ്പടം കോളനികളില്‍ ബോധവത്ക്കരണ സെമിനാറും, പ്രതേ്യക മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. വാരാചരണത്തോട് അനുബന്ധിച്ച് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കും. ഖാദി ഷോറൂമുകളില്‍ വില കിഴിവോടെ ഉത്പങ്ങളുടെ പ്രത്യേക വില്‍പ്പന നടത്തും.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ രണ്ടിന് രാവിലെ പ്രതേ്യക അസംബ്ലി ചേര്‍ന്ന്് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലയില്‍ നടക്കുന്ന ശുചീകരണ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പരമാവധി വിദ്യാര്‍ഥികളുടെ പങ്കാളിത്തം വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തും. പ്രളയക്കെടുതിയില്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട സ്കൂള്‍ സമയം തിരിച്ചുപിടിക്കുതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് ജനറല്‍ ആശുപത്രിയും പരിസരവും ശുചീകരിക്കും. താലൂക്കുതലത്തില്‍ വിദ്യാര്‍ഥികളുടെ റാലികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കും. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യപക്ഷാചരണം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കും. പഞ്ചായത്തുതലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച് പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് ഉപഡയറക്ടര്‍ നടപടി സ്വീകരിക്കും. വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ സംഘടിപ്പിക്കാവുന്ന പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിക്കും. പൊതുജനപങ്കാളിത്തത്തോടെ ശ്രമദാന അടിസ്ഥാനത്തില്‍ റോഡുകളുടെ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. പഞ്ചായത്ത് തലത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ ഏകോപിപ്പിക്കും. വാരാചരണവുമായി ബന്ധപ്പെട്ട് ബ്ലോക്കുതലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എഡിസി ജനറല്‍ നടപടി സ്വീകരിക്കും. ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ സന്ദേശം ഒരേസമയം എല്ലാ ബ്ലോക്കുകളിലും നഗരസഭകളിലും വാരാചരണചടങ്ങില് പ്രദര്‍ശിപ്പിക്കും.
ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ ജനുവരി 30 വരെ ഗാന്ധിദര്‍ശന പ്രചാരണ പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. പ്രളയക്കെടുതിയില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും കുടുംബശ്രീയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ പുസ്തകങ്ങള്‍ ശേഖരിച്ച് നല്‍കും. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ വാരാഘോഷത്തിന്റെ ഭാഗമായി യുപി, എച്ച്എസ്, എച്ച്എസ്എസ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. കോളജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. ജില്ലയിലെ പ്രധാന സെന്ററുകളില്‍ ലഘുനാടകം അവതരിപ്പിക്കും.
ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ കവിയൂര്‍ പുഞ്ചയില്‍ നെല്‍കൃഷി പുനരാരംഭിക്കും. കുറ്റപ്പുഴ തോടിനെ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. മണിമലയാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പനയമ്പാല തോടിനെ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് അവയ്ക്ക് പ്രതിഫലം നല്‍കും. വിദ്യാര്‍ഥികള്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ആറിന്റെ തീരങ്ങളില്‍ മുള നട്ട് പിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഐടി മിഷന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ ജനങ്ങള്‍ക്ക് പുതിയവ നല്‍കുന്നതിന് റാന്നി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ പ്രതേ്യക അദാലത്ത് സംഘടിപ്പിക്കും. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രളയാനന്തര ജനത എങ്ങനെ ചിന്തിക്കുന്നു എന്നതു സംബന്ധിച്ച് വിവര ശേഖരണം സംഘടിപ്പിക്കും. ഒരു പഠിതാവ് അഞ്ച് വീടുകള്‍ എന്ന ക്രമത്തില്‍ വിപുലമായ വിവരശേഖരണം നടത്തും. ഇതോടൊപ്പം പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്നതിനായി വീടുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കും. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയം അടിസ്ഥാനമാക്കി ജില്ലയിലെ എട്ട് സ്ഥലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. കൂടാതെ ജില്ലയില്‍ നടക്കുന്ന എല്ലാ ശുചീകരണ പരിപാടികളിലും സാക്ഷരതാ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പാക്കും.
യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പന്തളം മുട്ടാര്‍ ശുചീകരണം ഏറ്റെടുത്ത് നടപ്പാക്കും. സര്‍വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 150 കുട്ടികള്‍ക്ക് ഗുജറാത്തിലെ സേവാഗ്രാമം സന്ദര്ശിക്കന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് സൗജന്യം. താലൂക്കുകളില്‍ അപൂര്‍വ ഔഷധ സസ്യങ്ങളുടെ വ്യാപനത്തിനായി നഴ്സറികള്‍ സ്ഥാപിക്കും. നാട്ടറിവുകളുടെ പ്രചാരണം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഉദ്ഘാടനം, ജില്ലാതല സമാപനം, ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനം നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിസൂക്ത ചിത്രപ്രദര്‍ശനം നടത്തും. വിദ്യാര്‍ഥികള്‍ക്ക് കാണുന്നതിനായി ഗാന്ധി സിനിമയുടെ മലയാളം ഡിവിഡി സ്കൂളുകള്‍ക്ക് വിതരണം ചെയ്യും.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല സമാപനത്തിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവകേരള നിര്‍മിതിയില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വിദ്യാര്‍ഥികളുമായി സംവദിക്കും. വാരാചരണത്തിന്റെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തില്‍ പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. രാജേഷ്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. രശ്മിമോള്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ചെറിയാന് ഉമ്മന്‍, ഡോ.നിരണ് ബാബു, ഡോ.നസീര്‍ ഹുസൈന്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ആര്. ജയന്, യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ഉദയകുമാരി, ജില്ലാ സാക്ഷരതാ മിഷന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്. സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. ശ്രീഷ്, ഐടി മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഉഷാകുമാരി, വിമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.ആര്. സുജാത, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം. മല്ലിക, സര്‍വോദയ മണ്ഡലം പ്രതിനിധി ഭേഷജം പ്രസന്നകുമാര്‍, കുടുംബശ്രീ ഡിപിഎം പി.ആര്. അനുപമ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജി. ബാബുരാജന്, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ജി. സുനില്‍, എസ്. കൃഷ്ണകുമാര്‍, പി.പി. പ്രകാശ്, കെ.എല്‍.ബൈജു, പി.കെ. അജീഷ് കുമാര്‍, എസ്. സുനില്‍കുമാര്‍, കെ. വിജയശ്രീ, ആര്. രാജീവ്, വി.ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 3113/18)
- Log in to post comments